ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ടാഴ്ച മുമ്പ് കാണാതായ നേഴ്സ്‌ മരിച്ച നിലയിൽ. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രൺസ്‌വിക്ക് പാർക്കിൽ നിന്ന് ഇന്നലെ രാവിലെയാണ് പെട്ര സ്‌ർങ്കോവ (32) യുടെ മൃതദേഹം കണ്ടെടുത്തത്. നവംബർ 28 നാണ് പെട്രയെ അവസാനമായി ജീവനോടെ കാണുന്നത്. സഹപ്രവർത്തകർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഡിസംബർ മൂന്നിന് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. സീനിയർ നേഴ്‌സ് അസിസ്റ്റന്റ് ആയ പെട്ര ചെക്ക് റിപ്പബ്ലിക് സ്വദേശിനിയാണ്. പെട്രയുടെ കുടുംബത്തെ പോലീസ് വിവരമറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി ക്യാംബർവെല്ലിലെ എൽമിംഗ്ടൺ സ്ട്രീറ്റിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. പെട്രയെ കണ്ടെത്തണമെന്ന ആവശ്യവുമായി കാംബർവെൽ എംപി ഹാരിയറ്റ് ഹാർമാൻ രംഗത്തെത്തിയതോടെ തിരച്ചിൽ ശക്തമായി. പെട്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

നവംബർ 28-ന് രാത്രി 7.45-ന് എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്ന് പെട്ര മടങ്ങുമ്പോൾ പച്ച കോട്ട് ധരിച്ചിരുന്നു. എലിഫന്റ് ആന്റ് കാസിലിലേക്കുള്ള ബസിൽ കയറുന്നതിന് മുമ്പ് അവൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു. വീട്ടിലേക്ക് പോകാനായി രാത്രി 8.22 ന് ബസിൽ കയറി. പതിവായി ജോലിക്ക് എത്തുന്ന പെട്ര മൂന്നു ദിവസമായി വരാതിരുന്നതിൽ സംശയം തോന്നിയ സഹപ്രവർത്തകർ പോലീസിൽ വിവരമറിയിച്ചു. തുടർന്നായിരുന്നു അന്വേഷണം. ഫോറൻസിക് പരിശോധനകൾ തുടരുകയാണെന്നും നിരവധി താമസക്കാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ പ്രാരംഭ ഘട്ടത്തിൽ മരണത്തെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.