അബുദാബി: ബാര്‍ബി ഡോളിനുള്ളിലും മീറ്റ് ഗ്രൈന്‍ഡറിനുള്ളിലും സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തി വിമാനം തകര്‍ക്കാനുള്ള പദ്ധതി പരാജയപ്പെടുത്തി. ഓസ്ട്രേലിയയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര് പിടിയിലായിട്ടുണ്ട്. ലെബനീസ്-ഓസ്ട്രേലിയന്‍ പശ്ചാത്തലമുള്ള നാല് സഹോദരന്മാരാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അമീര്‍ ഖയ്യാത്ത് എന്നയാള്‍ ലെബനനില്‍ പിടിയിലായപ്പോള്‍ ഖാലിദ്, മഹ്മൂദ് ഖയ്യാത്ത് എന്നിവര്‍ ഓസ്ട്രേലിയയിലും അറസ്റ്റിലായി.
ഇവരുടെ മറ്റൊരു സഹോദരനായ നാലാമന് താരിഖ് ഖയ്യാത്ത് ഐസിസ് തീവ്രവാദിയാണ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ഐസിസ് തലസ്ഥാനമായ റഖയിലാണ് താമസിക്കുന്നതെന്നാണ് വിവരം. 400 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ അമീര്‍ ബോംബുമായി കയറാനും ടേക്ക്ഓഫ് ചെയ്ത് 20 മിനിറ്റിനു ശേഷം വിമാനം തകര്‍ക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗിന് അനുവദനീയമായ ഏഴ് കിലോയിലും കൂടുതല്‍ ഭാരം ഉണ്ടായിരുന്നതാണ് പദ്ധതി പൊളിയാന്‍ കാരണം. ജൂലൈ പകുതിയോടെയായിരുന്നു സംഭവം.
മുമ്പ് ഒട്ടേറെ തവണ ഓസ്ട്രേലിയയ്ക്കും ലെബനനുമിടയില്‍ യാത്ര ചെയ്തിട്ടുള്ള അമീര്‍ വിവാഹത്തിനെന്ന പേരിലാണ് ഇത്തവണ വരാനൊരുങ്ങിയത്. ഇയാളെ ലെബനനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഐസിസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്ട്രേലിയയും യുഎഇയും പങ്കെടുക്കുന്നുണ്ട്. ഇതിനു പകരം വീട്ടാനായിരുന്നു സഹോദരന്മാരുടെ ശ്രമം.
Leave a Reply