ന്യൂഡല്‍ഹി: വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 128 അനൗദ്യോഗിക യാത്രകള്‍. ഇവയില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നടത്തിയ യാത്രകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോഡി നടത്തിയ യാത്ര ചെലവിലേക്കായി ഏതാണ്ട് 89 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമസേനയ്ക്ക് നല്‍കിയിരിക്കുന്നത്.
വ്യക്തിപരവും രാഷ്ട്രീയപരവുമായി ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. അത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക സേവനങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാരിലേക്ക് പണം അടയ്ക്കണമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലംഘനമാണ് മോഡി നടത്തിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ആഭ്യന്തര യാത്രകള്‍ക്കായി സ്വകാര്യ വിമാന സര്‍വീസുകള്‍ ഈടാക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവ് തുക മാത്രമാണ് വ്യോമസേന ഈടാക്കുന്നത്. ഇക്കാര്യത്തില്‍ 1999ലെ താരിഫ് നിലയാണ് വ്യോമസേന പിന്തുടരുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ചെറിയ ചെലവില്‍ ലഭ്യമാകാനും മോഡിക്ക് ഇതുവഴി സാധിച്ചു. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോഡി പര്യടനം നടത്തിയത് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണം നല്‍കിയത് പ്രധാനമന്ത്രി ഓഫീസാണ്.
Leave a Reply