ബിനില്‍ പോള്‍

പ്രീമെന്‍സ്ട്രുല്‍ ഡിസ്ഫോറിക് ഡിസോഡര്‍ അഥവാ പിഎംഡിഡി എന്ന ആരോഗ്യാവസ്ഥയെപ്പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി യു.കെയില്‍ ആദ്യമായി പിഎംഡിഡി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13, ശനിയാഴ്ച ബോണ്‍മൗത്തിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലില്‍ വെച്ചാണ് കോണ്‍ഫറന്‍സ്.

അണ്ഡോത്പാദനം (Ovulation) നടക്കുന്ന ദിവസങ്ങളില്‍ തുടങ്ങി ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ മാനസികവും ശാരീരീരികവുമായ ബുദ്ധിമുട്ടുകളിലൂടെ ചില സ്ത്രീകള്‍ കടന്നു പോകാറുണ്ട്. ഇത് പ്രീമെന്‍സ്ട്രുല്‍ സിന്‍ഡ്രോം (പിഎംസ്) എന്നാണ് അറിയപ്പെടുന്നത്. ചില സ്ത്രീകളില്‍ ഇത് അതി തീവ്രമായി കാണപ്പെടാറുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇരുപതിലൊരാള്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2014ല്‍ പിഎംഡിഡി എന്ന പേരില്‍ ഒരു രോഗാവസ്ഥയായി അമേരിക്കയില്‍ ഇതിനെ അംഗീകരിച്ചുവെങ്കിലും ‘സിവിയര്‍ പിഎംസ്’ എന്നാണ് യുകെയില്‍
ഇപ്പോഴും അറിയപ്പെടുന്നത്.

പല രോഗികളിലും ഡിപ്രെഷന്‍ ആയി ആണ് ഡോക്ടര്‍മാര്‍ ഇതിനെ രോഗനിര്‍ണ്ണയം നടത്തുന്നത്. അതുമൂലം തെറ്റായ രോഗനിര്‍മാര്‍ജന മാര്‍ഗങ്ങളാണ് അവര്‍ക്ക് നല്‍കപ്പെടുന്നത്. പ്രത്യുത്പാദനത്തോട് അനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ആണ് ചില സ്ത്രീകളെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്. ചാക്രികമായി എല്ലാ മാസവും സംഭവിക്കുന്ന പിഎംഡിഡി കൃത്യമായി രോഗനിര്‍ണ്ണയം നടത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും, അത് പോലെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്കും ബോധവല്‍ക്കരണം ആവശ്യമാണ് എന്ന ചിന്തയില്‍ നിന്നാണ് പിഎംഡിഡിയെപ്പറ്റി ഒരു
കോണ്‍ഫറന്‍സ് എന്ന ആശയം ഉടലെടുത്തത്.

ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല; അവരുടെ കുടുംബവും, ബന്ധുക്കളും, സഹപ്രവര്‍ത്തകരും, സമൂഹമാകെ ബോധവല്‍ക്കരണം ആവശ്യമായ ഒരു വിഷയമാണ് എന്ന ഒരു സന്ദേശം ആണ് ഈ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നത്. പിഎംഡിഡിയെ തരണം ചെയ്തവരുടെ അനുഭവങ്ങളും, ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന വിദഗ്ദ്ധരുടെ പുതിയ
അറിവുകളും ഇവിടെ അവതരിപ്പക്കപ്പെടുന്നതായിരിക്കും. യുകെയിലെ ആരോഗ്യ മേഖലയില്‍ പിഎംഡിഡിയെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കാന്‍ ഈ സംരംഭം
സഹായകമാകും.

അമേരിക്കയിലെ പോലെ പിഎംഡിഡിയെ യുകെയിലും ഒരു മെഡിക്കല്‍ കണ്ടീഷന്‍ ആയി അംഗീകരിക്കപ്പെടുവാനും ഗവേഷണങ്ങള്‍ നടത്തുവാനും ഈ കോണ്‍ഫറന്‍സ് തുടക്കമിടും
എന്ന് സംഘാടകര്‍ കരുതുന്നു. കോണ്‍ഫെറെന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍

https://pmddandme.co.uk/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.