സ്വന്തം ലേഖകൻ

ലണ്ടൻ : പ്രധാനമന്ത്രി ബോറിസ് ജോൺസൻ, തന്റെ പദ്ധതിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ രാജ്യത്തിന് 30,000 ജീവൻ കൂടി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ. രോഗത്തോടുള്ള ജോൺസന്റെ സമീപനം മാറ്റണമെന്ന് വിദഗ്ധർ അറിയിച്ചു. “ഒരു ദിവസം 100 മുതൽ 150 വരെ മരണങ്ങൾ തുടരുകയാണെങ്കിൽ, 9 മാസങ്ങൾ കൊണ്ട് അത് 30,000 ത്തിലധികം മരണങ്ങളാവും.” ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ പ്രവർത്തന ഗവേഷണ പ്രൊഫസർ ക്രിസ്റ്റീന പഗെൽ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നേരത്തേ എടുത്തുകളഞ്ഞതിന് സർക്കാരിനെ നിശിതമായി വിമർശിച്ച സ്വതന്ത്ര സേജ് ഗ്രൂപ്പിലെ അംഗം കൂടിയാണ് പ്രൊഫസർ ക്രിസ്റ്റീന. “സൂപ്പർ സാറ്റർഡേ” എന്ന് വിളിക്കപ്പെടുന്ന ജൂലൈ 4 ന് പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ രാജ്യം ഉയർത്തുന്ന അപകടസാധ്യത വലുതാണെന്നും അവർ പറഞ്ഞു.

അണുബാധകൾ ഇനി കുറയാതിരിക്കുകയും പരിശോധനയും പൂർണ്ണമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അപകടസാധ്യതകൾ ഉയരും. ” പ്രൊഫ. പഗെൽ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയിൽ നിന്നും രാജ്യം പൂർണമായി മുക്തി നേടിയിട്ടില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനു ശേഷം മറ്റു രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചു. വേനൽക്കാലത്തിന്റെ അവസാനത്തോടെ, അടുത്ത ഒമ്പത് മാസത്തേക്കുള്ള വ്യക്തമായ പദ്ധതി കൊണ്ടുവരണമെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ പൊതുജനാരോഗ്യ പ്രൊഫസർ ഗബ്രിയേൽ സ്കാലി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അടുത്ത വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ നീക്കുമ്പോൾ കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

മാർഗനിർദേശങ്ങൾ പാലിക്കാതെയുള്ള ഒത്തുചേരൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുമെന്ന് ലണ്ടൻ റെസ്റ്റോറന്റിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ അണുബാധ വളരെ ഉയർന്ന തലത്തിലാണ്. എല്ലാവരുടെയും ശ്രമഫലമായി കോവിഡ് -19 കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലവിലുണ്ട്. സാമൂഹിക അകലം പോലുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിച്ചില്ലെങ്കിൽ‌ കേസുകൾ‌ വീണ്ടും ഉയരും.” പ്രൊഫസർ ക്രിസ് വിറ്റി ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.