സുജിത് തോമസ്
എത്രയോ പ്രഭാതങ്ങൾ തൻ സുഖശീതളിമയിൽ ഞാൻ സ്നേഹിതരോടൊപ്പം ആ വഴികളിലൂടെ നടന്നു,
എത്രയോ സായന്തനങ്ങൾ തൻ അരുണരശ്മികളേറ്റ്
ആ കലാലയമുറ്റത്തെ വാകമര ചുവട്ടിലിരുന്ന് ഞാൻ കിനാവ് കണ്ടു,
ഇന്നിതാ,നാടിനു അഭിമാനമാം കലാക്ഷേത്രത്തിൽ അരുതായ്മ നടന്നെന്ന വാർത്ത ശോകമൂകമാക്കുന്നെൻ മനസ്സിനെ
ജീവിത സ്വപ്‌നങ്ങൾ ഏറെ നെയ്തുകൂട്ടിയാ തരുണീമണി,
ആഹ്ളാദചിത്തയായി പ്രിയ കലാലയത്തിൽ എത്തവെ,
ഒരുവേള ചിന്തിച്ചു കാണ്മാനില്ല, ഇന്നീയങ്കണം തൻ രുധിരത്താൽ സ്വാർത്ഥ പ്രണയത്തിനു വില കൊടുക്കേണ്ടൂ..
മോഹഭംഗംവന്ന ആ തരുണ ഹൃദയത്തിൽ,
കോപം അഗ്നിയായി ജ്വലിക്കവേ,
പ്രണയത്തിൻ തരളിതഭാവങ്ങളേവുംമില്ലാതെയവൻ
നിഷ്ടൂരനായി ആ ജീവനെടുക്കവേ
ഒരു വേള ചിന്തിച്ചു കാണ്മാനില്ല
താൻ നിമിത്തം ചിതയിലേക്കെടുക്കുന്നിതാ
പലകുടുംബങ്ങൾ തൻ സ്വപ്‌നങ്ങളും പ്രതീക്ഷകളും ..
ജീവനായി പിടയും പെൺകുട്ടി, നിണത്തിൽ കുളിച്ചു കിടക്കവേ,
ശാന്തനായി ആ കാഴ്ച്ച കണ്ടിരിക്കാൻ
ഏതൊരു പ്രണയിക്കും മനസ്സിനാവുമോ
പ്രണയത്തിൻ ഭാവം കറയില്ലാത്ത സ്നേഹമാണെന്നിരിക്കെ
നോവിക്കാൻ തോന്നും മനസ്സിൻ ഭാവം എങ്ങനെ പ്രണയമാകും എന്നെൻ മനസ്സിൻ ശങ്ക.
ഇല്ലായ്മയെ സ്വീകരിക്കാൻ പാകപ്പെടാത്ത അപക്വ മനസ്സിൻ,
ചാപല്യങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്നിതാ വിലയില്ലാതെ,
കുട്ടികൾ തൻ മനസ്സിൽ രൂപപ്പേടെണം കരുണയും, സ്നേഹവും,ക്ഷമയും
അന്നറിയും യഥാർത്ഥ പ്രണയത്തിൻ ഭാവങ്ങൾ ഏതും നിസ്വാർത്ഥമായ്
സുജിത് തോമസ് : പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ് ,വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു . പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു.വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് . റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് പ്രവിത്താനം സ്വദേശിയായണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .
Leave a Reply