സ്വന്തം ലേഖകൻ
മുൻപേതന്നെ ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ കടുത്ത നിയമങ്ങൾ നിലനിന്നിരുന്ന പോളണ്ടിൽ ഇനിമുതൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടെന്ന് ഉറപ്പായാൽ പോലും അബോർഷൻ നടത്താനാവില്ലെന്ന് കോടതിവിധി. യൂറോപ്പിലെ തന്നെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഏറ്റവും കടുപ്പമുള്ള രാജ്യമായിരുന്നു പോളണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ റേപ്പ് കേസുകളിലും, അമ്മയുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉണ്ടെങ്കിലും മാത്രമേ ഇനി അബോർഷൻ സാധ്യമാവൂ.
രാജ്യത്തെ വലത് ഗ്രൂപ്പുകൾ നിലനിൽക്കുന്ന നിയമത്തെ കൂടുതൽ കർശനമാക്കരുത് എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. യൂറോപ്പിലെ മനുഷ്യാവകാശ നിയമങ്ങളുടെ കമ്മീഷണർ ഇതിനെ ” സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലെയുള്ള മോശം ദിവസം എന്നാണ് അഭിപ്രായപ്പെട്ടത്.
ലീഗൽ അബോർഷനുകളിലെ വ്യവസ്ഥകളിൽ ഉണ്ടായ മാറ്റം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഉണ്ടായ കടന്നുകയറ്റമാണെന്ന് ദുഞ്ച മിജറ്റോവിക് ട്വിറ്ററിൽ കുറിച്ചു. ലോക്ക് ഡൗണിന് ഇടയിലും പ്രതിഷേധം പുകയുകയാണ്.
പോളണ്ടിൽ നടക്കുന്ന ഗർഭച്ഛിദ്രങ്ങളുടെ ഏറിയപങ്കും ഗർഭസ്ഥശിശുവിന് ഉള്ള വൈകല്യങ്ങളോ മാരകരോഗങ്ങളോ മൂലമാണ്, പുതിയ നിയമം വരുന്നതോടെ ഇത്തരം അബോർഷനുള്ള നിയമ സാധുത ഇല്ലാതാവും. പോളണ്ട് ഒരു കാത്തലിക് രാഷ്ട്രം ആണെങ്കിലും, വർഷങ്ങളായി ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേ കൂടുതൽ കഠിനമായ ഒരു നിയമം വരുന്നതിനെ എതിർത്തിരുന്നു. ബിഷപ്പുമാരും കത്തോലിക്കസഭകളും ഗവൺമെന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. 2016 ൽ നടന്ന പ്രതിഷേധത്തിൽ മാത്രം 1, 00,00 സ്ത്രീകൾ പങ്കെടുത്തിരുന്നു. ഇത്രയും വിവാദപരമായ ഒരു പ്രശ്നത്തിന് തീരുമാനമെടുക്കാൻ ഭരിക്കുന്ന പാർട്ടി കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് ഒരു പ്രദേശത്ത് പത്ത് പേരിൽ കൂടുതൽ കൂടി നിൽക്കാൻ പാടില്ല എന്നതിനാൽ പ്രതിഷേധക്കാർക്ക് പുതിയ വഴികൾ തേടേണ്ടി വരും.കഴിഞ്ഞ വർഷം മാത്രം പോളണ്ടിൽ ആയിരത്തോളം ഗർഭഛിദ്രങ്ങൾ നടന്നിരുന്നു. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന പോളണ്ടുകാർ 80000 മുതൽ 120,000 ഗർഭചിദ്രം നടത്തിയതായി കാണാം.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്ന കാര്യം ഇതാണ് ” ഈ നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നു, അവർക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. വൈകല്യമുള്ള, ചാപിള്ള ആയി പിറക്കാൻ സാധ്യത കൂടുതലുള്ള ഗർഭം ചുമന്ന് ജീവിക്കേണ്ടിവരുന്നതും സ്വന്തം ജീവൻ പണയപ്പെടുത്തി പ്രസവിക്കേണ്ടി വരുന്നതും സ്ത്രീകൾക്കു മേലുള്ള നീതിനിഷേധമാണ്.
മനുഷ്യാവകാശ ഗ്രൂപ്പുകളും, ആംനെസ്റ്റി ഇന്റർനാഷണൽ,സെന്റർ ഫോർ റീപ്രൊഡക്ടീവ് റൈറ്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് പോലെയുള്ള സന്നദ്ധ സംഘടനകളും അവരുടേതായ രീതിയിൽ കോടതിയെ സമീപിക്കുമെന്നും വിഷയത്തെ എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply