കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ മല്ലികയെ(40) ജുലൈ 15 മുതല്‍ കാണാതായിരുന്നു. ഭര്‍ത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചു. അയല്‍വാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറി. ഇടയ്ക്കെപ്പോഴെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സൈബര്‍ സെല്ലിന് ലൊക്കേഷന്‍ കിട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ ലോഡ്ജില്‍ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.
കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ഭര്‍ത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കള്‍ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭര്‍ത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു. കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപണിക്കാരനാണ് ഭര്‍ത്താവ്. കാമുകന് അയല്‍വാസിയും കോണ്‍ക്രീറ്റ് പണിക്കാരനുമാണ്. ഭര്‍ത്താവും മക്കളും സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ശേഷം പൊലീസ് ഒരു കാര്യം തീരുമാനിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടി.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കെതിരെ കേസെടുത്തു. ഇതിനു പ്രേരണ നല്‍കിയതിന് കാമുകന് വിജീഷും പ്രതിയായി. കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഉടനെ, മല്ലിക പൊലീസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജാമ്യത്തിലിറക്കാന്‍ നിയമസഹായം വേണം. ഒരാളെ ഫോണ്‍ ചെയ്യാനുണ്ട്. വിളിച്ചതാകട്ടെ ഭര്‍ത്താവിനെ. ‘‘ജാമ്യത്തിലിറക്കിയാല്‍ കൂടെ വരാമെന്നായിരുന്നു പറഞ്ഞത്’’.
Leave a Reply