കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. ഇന്നും ലാപ്ടോപ്പ് നൽകാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
2016ൽ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.
ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
24 ദിവസത്തെ റിമാൻഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
Leave a Reply