ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ തട്ടിപ്പിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന സംഘത്തെ യുകെ പോലീസ് അറസ്റ്റ് ചെയ്തു. തെക്ക് കിഴക്കൻ ലണ്ടനിലെ ബ്രോംലിയിൽ നിന്നുൾപ്പെടെയാണ് കുറ്റവാളികളെ പോലീസ് പിടികൂടിയത്. ഇതുൾപ്പെടെ വൻ തട്ടിപ്പു സംഘത്തിലെ കണ്ണികളായിരുന്ന 37 പേരെയാണ് നിലവിൽ പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
വിവിധ ബാങ്കുകളുടെത് ഉൾപ്പെടെ യഥാർത്ഥ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഇരകളെ കബളിപ്പിക്കുന്ന രീതിയിൽ അവരുടെ ലോഗിൻ ഡീറ്റെയിൽസ് കൈവശപ്പെടുത്തുന്ന രീതിയാണ് ഇവർ അവലംബിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ അയച്ച് ലോഗിൻ ഐഡിയും പാസ്സ്‌വേർഡും തട്ടിയെടുക്കുന്ന രീതിയും സംഘം പിൻ തുടർന്നിരുന്നു. ലോകമെമ്പാടും നിന്ന് കോടികളാണ് സൈബർ തട്ടിപ്പ് സംഘം ഇരകളിൽ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പുകാർക്ക് സഹായകമാകുന്ന രീതിയിൽ മെസ്സേജുകളും പെയ്മെൻറ് ലിങ്കുകളും അയക്കാനുള്ള സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിച്ചത്. സാങ്കേതിക വൈദഗ്ധ്യമില്ലാതെ തന്നെ ഒട്ടേറെ തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധ ഇവരുടെ മേൽ പതിഞ്ഞത് .
ഇവരുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 480,000 കാർഡ് വിവരങ്ങളും 64 , 000 പിൻകോഡുകളും ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ മോഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ എത്ര പണം കബളിപ്പിച്ച് ഇവർ നേടിയെന്നതിനെ കുറിച്ച് പൂർണവിവരം ലഭ്യമായിട്ടില്ല. എന്നാൽ ഈ കബളിപ്പിക്കൽ സോഫ്റ്റ്‌വെയറിന് പിന്നിൽ പ്രവർത്തിച്ചവർ 10 ലക്ഷം പൗണ്ട് ലാഭം നേടിയതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ.
Leave a Reply