ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ് ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.
വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
Leave a Reply