സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഈ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ഇത് പോലീസിന് ഒരു വരുമാന മാര്‍ഗ്ഗം കൂടിയായി മാറിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴ്‌സുകളിലൂടെ രാജ്യത്തെ പോലീസ് സേനകള്‍ പ്രതിവര്‍ഷം 50 മില്യന്‍ പൗണ്ടാണ് വരുമാനമായി നേടുന്നത്. പിഴയടക്കുകയോ ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുന്നതോ ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് പകരം കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.2 മില്യന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 280,000 പേര്‍ മാത്രമായിരുന്നു ഈ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ വാഹനമോടിക്കുന്നവരില്‍ 25 ശതമാനം പേര്‍ ഒരിക്കലെങ്കിലും സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്.
75 പൗണ്ട് മുതല്‍ 99 പൗണ്ട് വരെയാണ് 4 മണിക്കൂര്‍ നീളുന്ന ക്ലാസിന് നല്‍കേണ്ടി വരാറുള്ളത്. രാജ്യത്തിന്റെ ഏതു ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ഫീസ് നിര്‍ണ്ണയിക്കപ്പെടുക. അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ക്ക് ഉള്‍പ്പെടെ 45 പൗണ്ട് വരെ മാത്രമേ ഈടാക്കാന്‍ പോലീസിന് അനുവാദമുണ്ടായിരുന്നുള്ളു. പോലീസ് സേനകളുടെ ബജറ്റ് വളരെ കുറവായിരുന്നതിനാല്‍ 2017 ഒക്ടോബറില്‍ ഈ നിരക്ക് ഉയര്‍ത്തി. 2011ല്‍ 1.5 മില്യന്‍ ഡ്രൈവര്‍മാരെയാണ് അമിതവേഗത്തിന് പിടികൂടിയത്. അവരില്‍ 19 ശതമാനം മാത്രമേ കോഴ്‌സില്‍ പങ്കെടുക്കാന്‍ തയ്യാറായുള്ളു. 2017ല്‍ അമിതവേഗതയ്ക്ക് പിടികൂടിയവരുടെ എണ്ണം 2 മില്യനായി ഉയര്‍ന്നു. എന്നാല്‍ അവരില്‍ 50 ശതമാനത്തോളം പേര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം പോലീസ് സേനകള്‍ക്ക് 54 മില്യന്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്.
ഇത്തരം പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കലല്ല സേനകളുടെ ദൗത്യമെങ്കിലും കൂടുതലാളുകള്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നതിനാല്‍ അമിതവേഗക്കാരെ തേടിപ്പിടിക്കാന്‍ പോലീസിന് ഇത് പ്രോത്സാഹനമാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. അതേസമയം വളരെ കുറഞ്ഞ തോതിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്നും അപകട മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായുള്ള അവബോധന ക്ലാസുകള്‍ മാത്രമാണ് ഇവയെന്നും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇതിലൂടെ പോലീസിന് യാതൊരു സാമ്പത്തികലാഭവും ഉണ്ടാകുന്നില്ല. ക്ലാസുകള്‍ക്ക് ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും വക്താവ് പറഞ്ഞു.
Leave a Reply