ന്യൂസ് ഡെസ്ക്, മലയാളം യുകെ
പരിഷ്കൃത രാജ്യമായ യുകെയിൽ അടിമത്തത്തിന് ഇരയാകുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. അനധികൃത കുടിയേറ്റത്തിലൂടെ യുകെയിൽ എത്തുന്നവരുടെ ദാരുണമായ ജീവിത കഥകൾ ആരുടെയും കരളലിയിക്കുന്നതാണ്. ഇംഗ്ലീഷ് ചാനലുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും യുകെയിൽ എത്തുന്നവർ ആധുനിക കാലത്തെ അടിമത്ത ജീവിതമാണ് നയിക്കേണ്ടി വരുന്നത്. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് ഏത് നിമിഷവും പിടിക്കപ്പെടുമെന്നുള്ള പേടിയിൽ നരകതുല്യമായ ജീവിതമാണ് ഇത്തരക്കാർ നയിക്കേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ അനധികൃതമായി കുടിയേറിയ മൂന്ന് ഇരകളെ ഒരു ലോറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. അവരിൽ ഒരാൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അയാളെ മോചിപ്പിച്ചതായും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജെയിംസ് അൻസെൽ പറഞ്ഞു. ഇത്തരത്തിൽ അനധികൃത മനുഷ്യക്കടത്ത് നടത്തുന്ന മൂന്ന് പേരെ ജയിലിൽ അടച്ചിരുന്നു. വിയറ്റ്നാമിൽ നിന്ന് ഇരകളെ ഇവർ കടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി.
2024-ൽ യുകെയിൽ 3,000-ത്തിലധികം ആളുകളെ ആധുനിക അടിമത്തത്തിന് ഇരകളാകാൻ സാധ്യതയുള്ളവരായി അൺസീൻ എന്ന ചാരിറ്റി തിരിച്ചറിഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്രാൻസിലെ തുറമുഖങ്ങളിൽ യുകെയിലേക്ക് പോകുന്ന വാഹനങ്ങളിൽ കയറാൻ ശ്രമിക്കുന്ന ആളുകളെ കണ്ടെത്തുന്നതിൽ കഴിഞ്ഞ വർഷം വർദ്ധനവ് ഉണ്ടായതായി ബിബിസി സൗത്ത് ഈസ്റ്റ് അടുത്തിടെ വെളിപ്പെടുത്തി. നിലവിൽ കണ്ടെത്തിയിരിക്കുന്ന ഇത്തരം ഇരകളുടെ എണ്ണം മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണെന്നും ഒട്ടേറെ കേസുകൾ പിടിക്കപ്പെടാതെ പോകുന്നതായും പോലീസും വെളിപ്പെടുത്തി. 2023 ജനുവരിക്കും 2025 ജനുവരിക്കും ഇടയിൽ, ഒരു ലോറിയിൽ ആളുകളെ അനധികൃതമായി കടത്തിയ 26 കേസുകൾ രേഖപ്പെടുത്തിയതായി സറെ പോലീസ് പറഞ്ഞു. ആധുനിക അടിമത്തത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നേരിടാൻ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുകയാണെന്ന് സർക്കാർ പറഞ്ഞു.
Leave a Reply