ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാം പ്രൈമറി സ്കൂളിന്റെ പുറത്ത് നോ വൈറ്റ്സ് എന്നെഴുതിയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുഖം മൂടി ധരിച്ച ഒരു വ്യക്തി മേൽ പറഞ്ഞ വാക്കുകൾ സ്കൂളിൻറെ ഭിത്തിയിൽ എഴുതുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചുമരിൽ എഴുതുന്നതിന് മുമ്പ് ഇയാൾ ചുറ്റും നോക്കുന്നതും പിന്നീട് വേഗത്തിൽ സ്ഥലം വിടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.


സ്കൂളിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ലാംഗ്ടൺ റോഡിലും ഫാർണ്ടൻ റോഡിലും ഇതേ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. മൂന്ന് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതിയത് ആരായാലും അവരുടെ ലക്ഷ്യം സമുദായ സംഘർഷം ആളി കത്തിക്കുക എന്നതാണെന്ന് സോഷ്യൽ ആക്ടിവിസ്റ്റ് നവീദ് സാദിക്ക് അഭിപ്രായപ്പെട്ടു. ഈ സന്ദേശം പങ്കുവയ്ക്കുന്ന ഒരു വീഡിയോയും അദ്ദേഹം ഓൺലൈനിൽ പങ്കു വെച്ചിട്ടുണ്ട്.

സൗത്ത് പോർട്ടിൽ മൂന്നു പെൺകുട്ടികളുടെ മരണത്തെ തുടർന്ന് ബ്രിട്ടനിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവങ്ങളെ വളരെ ഗൗരവമായാണ് പോലീസ് കാണുന്നത് . നോ വൈറ്റ്സ് എന്നെഴുതിയതിന്റെ പിന്നിൽ ആരാണെന്ന് അറിയാനുള്ള അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിലെ ആലും റോക്ക് പ്രദേശം പ്രധാനമായും ഏഷ്യൻ വംശജർ കൂടുതൽ താമസിക്കുന്ന സ്ഥലമാണ്.