ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ 17കാരനായ പ്രതിയുടെ പേര് വിവരം പോലീസ് പുറത്തുവിട്ടു. ആക്സൽ മുഗൻവ രുദകുബാന എന്ന പേരുകാരനായ പ്രതി കൊലപാതകത്തിന് പുറമെ മറ്റ് എട്ട് കുട്ടികളെയും രണ്ട് മുതിർന്നവരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൗമാരക്കാരനായ പ്രതിയുടെ പ്രായം കാരണം ആക്രമിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടുന്നതിൽ പോലീസിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ ഇയാൾ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത് രാജ്യത്ത് പലയിടങ്ങളിലും ഗുരുതരമായ കലാപ ശ്രമത്തിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് പേര് വിവരങ്ങൾ പുറത്തുവിടാമെന്ന് ലിവർപൂളിലെ റെക്കോർഡർ ജഡ്ജി ആൻഡ്രൂ മെനറി കെസി ഉത്തരവ് നൽകിയതാണ് ഇപ്പോൾ പ്രതിയുടെ വിവരങ്ങൾ പരസ്യമാക്കാനുള്ള നടപടിക്ക് കാരണമായത്.


പ്രതിയുടേതായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ജഡ്ജി പറഞ്ഞു. പ്രതിക്ക് അടുത്ത ആഴ്ച 18 വയസ്സ് തികയും. ഈ അവസരത്തിൽ പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാത്തത് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് കാരണമാകുമെന്ന് ജഡ്ജി മെനറി പറഞ്ഞു. രാജ്യത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് കടുത്ത പ്രതിഷേധങ്ങൾ ആണ് പലസ്ഥലത്തും അരങ്ങേറിയത്. ആക്രമികൾ പോലീസ് വാനുകൾക്ക് തീയിടുകയും മോസ്കിന് നേരെ ഇഷ്ടികകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. വലതുപക്ഷ ഇസ്ലാം വിരുദ്ധ ഗ്രൂപ്പിൻറെ പിന്തുണക്കാരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്.

പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ 53 പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിൽ എട്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് പോലീസ് നായ്ക്കൾക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പരിശ്രമിക്കുകയാണ്. രാജ്യത്ത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖിക്കുന്ന സമൂഹത്തെ വീണ്ടും ദുരിതത്തിലാക്കാനെ ഇത്തരം കലാപങ്ങൾ ഉപകരിക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.