ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.
തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.
അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.
Leave a Reply