പ്രശസ്തയായ യൂട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തെ സംബന്ധിച്ച് ഉയർന്ന ദുരൂഹത നീക്കാൻ പോലീസ് നീക്കം. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി അന്വേഷണസംഘം ആർഡിഒയ്ക്ക് അപേക്ഷ നൽകി. ആർഡിഒയുടെ അനുമതി ലഭിച്ചാൽ ഉടൻ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ദുബായിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവും സുഹൃത്തുക്കളും റിറയുടെ കുടുംബത്തോട് പറഞ്ഞിരുന്നതെന്ന് വ്യക്തമായി. മെഹ്നു കബളിപ്പിച്ചതായി കുടുംബം പോലീസിൽ നൽകിയ പരാതിയിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മെഹ്നു എന്തിന് കള്ളം പറഞ്ഞെന്ന് കണ്ടെത്താൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

മാർച്ച് ഒന്നാം തീയതിയാണ് റിഫയെ ഭർത്താവ് മെഹ്നാസിനൊപ്പം താമസിക്കുന്ന ദുബായിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.