ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അമ്മയെയും നവജാത ശിശുവിനെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോൺസ്റ്റൻസ് മാർട്ടനെയും നവജാത ശിശുവിനെയും കണ്ടെത്തുന്നവർക്കും എന്തെങ്കിലും വിവരം കൈമാറുന്നതിനും 10,000 പൗണ്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയായ മാർക്ക് ഗോർഡനൊപ്പമാണ് ഇവർ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരു മാസത്തോളമായി ഇവരെ കാണാതെയായിട്ട്.

താപനില കുറയുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വൈദ്യസഹായം കൂടാതെയുള്ള പ്രസവം ആയിരിക്കാനാണ് സാധ്യതയെന്നും അതിനാൽ ഇവരെ കണ്ടെത്തുക പ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനുവരി 8 -നാണ് ഇവരെ അവസാനമായി കണ്ടത്. മൂവരും ടാക്സിയിൽ ഈസ്റ്റ് സസെക്സ് തുറമുഖത്ത് എത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ കൈവശം സ്ലീപ്പിങ് ബാഗുകളും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികളും വ്യക്തമാക്കി.

‘ടാക്സി യാത്രയിൽ കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരം ഒന്നും തന്നെ ഇല്ല’- അന്വേഷണ സംഘം പറയുന്നു. ഈ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ദയവായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ജനുവരി 5 -ന് ബോൾട്ടന് സമീപം M61 ന്റെ അരികിൽ ഇവരുടെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ സാധനങ്ങൾ എല്ലാം തീപിടുത്തത്തിൽ നശിച്ചതായും കണ്ടെത്തി.
	
		

      
      



              
              
              




            
Leave a Reply