കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ പോലീസ് സബ് ഇൻസ്പെക്ടറെ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ യു സജിത്തിനെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് കെ.എ.പി. ബറ്റാലിയനിലെ എസ്.ഐ ആയിരുന്നു 40കാരനായ സജിത്ത്.
വെള്ളിയാഴ്ച രാവിലെ എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജങ്ഷനു സമീപത്തുള്ള പറമ്പിലാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. എം.എസ്.പി.യിലായിരുന്ന സജിത്ത് കഴിഞ്ഞ മാസമാണ് മാറ്റം കിട്ടി കെ.എ.പി. ഒന്നാം ബറ്റാലിയനിൽ എത്തിയത്.
ചികിത്സാ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ട സമയം വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം. അതേസമയം, മൃതദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം ഉണ്ടെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി.
Leave a Reply