കൊച്ചിയിൽ കഴിഞ്ഞ ദിവസം ഐസ് മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമീൻ പിടിച്ചെടുത്തതോടെയാണ് ഐസ് മെത്ത് എന്ന മയക്കുമരുന്ന് മലയാളിയ്ക്ക് പരിചിതമാകുന്നത്. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ഐസ് മെത്ത് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ; ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് ഐസ് മെത്ത് പിടികൂടുന്നത്.
അതോടെ ഐസ് മെത്ത് എന്തെന്നറിയാൻ ഗൂഗിളിൽ പരതിയവരും നിരവധി. ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. സ്പീഡ് എന്ന വിളിപ്പേരും ഈ ലഹരി പദാർത്ഥത്തിനുണ്ട്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡിഞെരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇവയെ സ്പീഡ് എന്നു വിളിക്കുന്നതും.
പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു. ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ് മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എസ് മെത്ത് ഉപയോഗിക്കുന്നു.തുടർച്ചയായി ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും കൂടുതൽ സമയം ലൈംഗിക ബന്ധത്തിനും ഐസ് മെത്ത് ഉപയോഗിക്കുന്നു.
അതിയായ ആഹ്ലാദം, സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിനുളള അതിയായ ഉത്സാഹം തുടങ്ങിയവയാണ് ഈ ലഹരിമരുന്ന് ഉപയോഗിച്ചവരുടെ ലക്ഷണങ്ങൾ. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്കായി ഐസ് മെത്ത് കൊച്ചിയിൽ എത്തിച്ചത്. കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും ഐസ് മെത്ത് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത്ത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.
ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഫ്രഡിൻ ഉപയോഗിച്ചാണ് ഐസ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. എഫ്രഡിൻ വ്യാപകമായി കായിക താരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ചെടിയുടെ ഉത്പാദനവും ഉപയോഗവും സർക്കാർ നിയമം മൂലം നിയന്ത്രിച്ചു.
Leave a Reply