കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്‌സായ യുവതിയില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.

മൂന്നുവര്‍ഷം മുമ്പ് വിമാനത്താവളത്തില്‍വെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുവാവ് നഴ്‌സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ നാട്ടിലെത്തിയ യുവതി തിരികെ കുവൈത്തിലേക്ക് പോകുന്നതിനിടെ ദുബായിലെത്തി യുവാവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. മകളെ വിവാഹം ചെയ്യില്ലെന്നും മറ്റൊരു വിവാഹത്തിന് അവസരം നല്‍കില്ലെന്നുമാണ് ഇയാളുടെ ഭീഷണിയെന്നും ലക്ഷക്കണക്കിന് രൂപ ഇയാള്‍ക്ക് മകള്‍ കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

അതേസമയം, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നയാളാണെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.