ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡ് ∙ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് സൗത്ത് യോർക്ക്ഷയറിലെ ഫിർ വേൽ അക്കാദമിയിൽ കടുത്ത ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് 1.20 ഓടെ നിരവധി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് സ്ഥലത്തെത്തി സ്കൂൾ ജീവനക്കാരോടൊപ്പം നിയന്ത്രണ നടപടികൾ സ്വീകരിച്ചു. രണ്ട് അധ്യാപകരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ സംഭവത്തിനിടെ ബോധരഹിതനായതായും രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന് പുറത്തു ഏഴ് പൊലീസ് വാഹനങ്ങൾ നിരത്തിയ നിലയിൽ കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രാദേശിക സാമൂഹ്യമാധ്യമ പേജായ ‘ഷെഫീൽഡ് ഓൺലൈൻ’ വിവരം പുറത്തുവിട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പങ്കുവച്ചു. “സ്ഥിതി നിയന്ത്രണത്തിലാണെന്നും സമീപ റോഡുകളിൽ താൽക്കാലിക ഗതാഗത തടസം ഉണ്ടായേക്കാമെന്നും പേജ് മുന്നറിയിപ്പ് നൽകി. “മകനെയെടുത്ത് സ്കൂളിൽ നിന്ന് മടങ്ങിയപ്പോൾ അവിടെ ആകെ കലാപാവസ്ഥയായിരുന്നുവെന്നായിരുന്നു ഒരു രക്ഷിതാവ് പ്രതികരിച്ചത് . അതേസമയം യോർക്ക്ഷയർ ആംബുലൻസ് സർവീസ് സംഭവവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടില്ലെന്ന് പ്രതികരിച്ചു.

“ഫെബ്രുവരി 26-ന് ഉച്ചയോടെ ഷെഫീൽഡിലെ ഫിർ വേൽ സെക്കൻഡറി സ്കൂളിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതായി ഉച്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ സൗത്ത് യോർക്ക്ഷയർ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകളിലൂടെയോ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെകിലും വിവരമുള്ളവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് . 1998-ൽ ആരംഭിച്ച ഫിർ വേൽ സ്കൂൾ 2004-ൽ ഔദ്യോഗികമായി ഉൽഘാടനം ചെയ്തത് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും ചേർന്നായിരുന്നു. നിലവിൽ സ്ഥാപനത്തിൽ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ ആണ് പഠിക്കുന്നത്.











Leave a Reply