കെവിൻ കൊലപാതകത്തിലെ പ്രതി നീനുവിന്‍റെ അച്ഛൻ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെൻമലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രേഖകള്‍ കോടതിയിലെത്തിക്കുമെന്ന് ചാക്കോയുടെ അഭിഭാഷകൻ വ്യക്തമാക്കി. നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാൻ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമൊത്ത് പൊലീസ് തെൻമലയിലെ വീട്ടിലെത്തിയത്..നാല് മണിയോടെ ഒറ്റക്കല്ലിലെത്തിയ സംഘം വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും രേഖകളൊന്നും കിട്ടിയില്ല. ചാക്കോയുടെ അഭിഭാഷകനും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു..പരിശോധന ഒരു മണിക്കൂര്‍ നീണ്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും കണ്ടെടുക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാണ് ഇനി ചാക്കോയുടെ നീക്കം. അഭിഭാഷകനെ അതിന് ചുമതലപ്പെടുത്തി. ചാക്കോയെ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍‍ വീടിന് പരിസരത്ത് തടിച്ച് കൂടി. നാട്ടുകാര്‍ ചാക്കോയെ കൂകി വിളിച്ചാണ് സ്വീകരിച്ചത്. അതേ സമയം കെവിൻ കൊലപാതകത്തിൽ നീനുവിന്റെ അമ്മ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും. തനിക്കു കൊലപാതകവുമായി ബന്ധമില്ല. പക്ഷേ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്നും ഹർജിയിൽ രഹ്‌ന ആരോപിച്ചിരുന്നു.