ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച രണ്ടുയുവതികളെയും ശബരിമലയില്‍ നിന്ന് മാറ്റി. ഇവര്‍ പൊലീസിനൊപ്പം അങ്കമാലിയില്‍ ഒരു വീട്ടിലെത്തി. പിന്നാലെ ഇവരെ തൃശൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. താനും കനകദുര്‍ഗയും ശബരിമലയില്‍ പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന് ബിന്ദു വിശദീകരിച്ചു. സാധാരണ ഭക്തര്‍ക്കൊപ്പമാണ് കയറിയത്. ആരില്‍നിന്നും എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.
പൊലീസ് വാഹനത്തില്‍ തന്നെയാണ് ഇവരെ കൊണ്ടുപോകുന്നത്. വലിയ സുരക്ഷ ഉറപ്പാക്കിയാണ് ഇവരെ കൊണ്ടുപോകുന്നത്. കൃത്യമായ ജാഗ്രത പുലര്‍ത്തിയാണ് പൊലീസ് മുന്നോട്ടുനീങ്ങുന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത് അതീവ രഹസ്യമായി.
മുഖ്യമന്ത്രിയാണ് യുവതികള്‍ ദര്‍ശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്. പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു.
24ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള്‍ അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്‍മാരടക്കം ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.
പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില്‍ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്‍ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി.
കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില്‍ നിന്ന് അല്‍പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്‍ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു.
ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദര്‍ശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദര്‍ശനം സാധ്യമാക്കിയതെന്നതില്‍ സംശയമില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടര്‍ന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാന്‍ തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീര്‍ത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാന്‍ സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു.
Leave a Reply