യുകെയിലേക്ക് അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നത് വര്‍ദ്ധിക്കുന്നു. ഇത് തടയാന്‍ പോലീസിനോ അതിര്‍ത്തി സുരക്ഷാ ഓഫീസര്‍മാര്‍ക്കോ സാധിക്കുന്നില്ലെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ആന്‍ഡി കുക്ക്. കഴിഞ്ഞ വര്‍ഷം തോക്കുകള്‍ വന്‍തോതില്‍ രാജ്യത്തേക്ക് അനധികൃതമായി എത്തിയിട്ടുണ്ട്. 2019ലും ഇത് തുടരുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ആയുധങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ പോലീസ് സേനകള്‍ക്കും ഔദ്യോഗികമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് നാഷണല്‍ ക്രൈം ഏജന്‍സി. വളരെ അപൂര്‍വമായി മാത്രമാണ് ഈ അധികാരം എന്‍സിഎ ഉപയോഗിക്കാറുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യം വളരെ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 43 പോലീസ് സേനകള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ നടന്നു വരുന്ന അക്രമ സംഭവങ്ങളിലും ഗ്യാംഗുകള്‍ തമ്മിലുണ്ടാകുന്ന വെടിവെയ്പ്പുകളിലും ആധുനികമായ തോക്കുകളാണ് ഉപയോഗിച്ചു വരുന്നതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. മുമ്പ് ഇത്തരം തോക്കുകള്‍ അക്രമികളുടെ കയ്യിലെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പലപ്പോഴും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ ഒരേ തോക്കുതന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയുധങ്ങള്‍ കൈമാറി ഉപയോഗിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന ആയുധക്കടത്ത് തടയാന്‍ പോലീസിന് സാധിക്കുന്നില്ലെന്നാണ് മെഴ്‌സിസൈഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആയ ആന്‍ഡി കുക്കിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. പുതിയ ആയുധങ്ങള്‍ എത്തുന്നത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് കഴിയാവുന്നത് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആയുധ കള്ളക്കടത്തുകള്‍ പിടിക്കാനും സാധിക്കുന്നുണ്ട്. പക്ഷേ കള്ളക്കടത്തിന്റെ തോത് ഉയര്‍ന്നു തന്നെ നില്‍ക്കും, അത് തുടരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ അതിര്‍ത്തി സുരക്ഷയിലെ വീഴ്ചകളും ആയുധങ്ങള്‍ കടത്താന്‍ കള്ളക്കടത്തുകാര്‍ സ്വീകരിക്കുന്ന പുതിയ വഴികളുമാണ് തോക്കുകള്‍ എത്തുന്നത് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.