ബറെയ്‌ലി: മയക്കുമരുന്ന് കടത്തിന് പിടിയിലായ യുവതിയുടെ വിവാഹം പോലീസ് നടത്തിക്കൊടുത്തു. ഉത്തരാഖണ്ഡിലെ പൗരി ഘര്‍ഹ്‌വാള്‍ ജില്ലയിലെ കോട്‌വാറിലാണ് സംഭവം. സീമ ഖര്‍ഘ്‌വാള്‍ (പേര് സാങ്കല്‍പ്പികം) എന്ന 19കാരിയുടെ വിവാഹമാണ് പോലീസ് നടത്തിക്കൊടുത്തത്. ചൊവ്വാഴ്ച വിവാഹം കഴിഞ്ഞു. മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി റെയില്‍വേ പോലീസ് നടത്തിയ റെയ്ഡിലാണ് യുവതി കുടുങ്ങിയത്.
പതിനഞ്ച് ഗ്രാം ഹെറോയിനാണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ പിതാവില്ലാത്ത താന്‍ വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് കടത്ത് സംഘത്തില്‍ അംഗമായതെന്ന് യുവതി വെളിപ്പെടുത്തി. ഡെറാഡൂണിലെ ഒരു ടാക്‌സി ഡ്രൈവറുമായി തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് വിവാഹത്തിന് ആവശ്യമായ സാമ്പത്തികം കണ്ടെത്താനുള്ള കഴിവില്ലെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. യുവതിയുടെ ജീവിതകഥയില്‍ മനസലിഞ്ഞ പോലീസ് യുവതിയുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിച്ചു. യുവതിയെ മയക്കുമരുന്നു കടത്ത് കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ആയുധം കൈവച്ചുവെന്ന കേസാണ് ഇപ്പോള്‍ യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.