ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ ഇ-സിഗരറ്റുകള്‍ വലിക്കുന്നതിന് നിയന്ത്രണം. ഡ്രൈവിംഗിനിടയില്‍ ഇ-സിഗരറ്റ് വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെനനും ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സിഗരറ്റുകള്‍ വാഹനമോടിക്കുന്നതിനിടെ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിംഗിലെ ശ്രദ്ധ അപകടകരമായി മാറുന്നുവെന്ന് തോന്നിയാല്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ നിന്ന് ഉയരുന്ന പുക ഡ്രൈവര്‍മാരുടെ കാഴ്ചയെ തടയുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിംഗിനായിരിക്കും ഇ-സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഡ്രൈവിംഗില്‍ കുറ്റം ചുമത്തപ്പെടുക. ലൈസന്‍സ് റദ്ദാക്കല്‍, ലൈസന്‍സില്‍ മൂന്ന് മുതല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുക, 2500 പൗണ്ട് വരെ പിഴ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുള്ളത്. യുകെയില്‍ മുപ്പത് ലക്ഷത്തിലേറെയാളുകള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിപക്ഷവും വാഹനമോടിക്കുമ്പോള്‍ പോലും ഇവ വലിക്കാറുണ്ട്. ഇ-സിഗരറ്റുകളില്‍ നിന്ന് ഉയരുന്ന കനത്ത പുക ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ഒരു നിമിഷം മതി ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനെന്നിരിക്കെ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സാര്‍ജന്റ് കാള്‍ നാപ്പ് പറഞ്ഞു.
വാനമോടിക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ശ്രദ്ധയും കൊടുക്കണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും നാപ്പ് വ്യക്തമാക്കി. ഇ-സിഗരറ്റ് വലി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെങ്കിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഉറപ്പാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിന്‍ഡോകള്‍ തുറന്നിട്ടുകൊണ്ട് പുക ക്യാബിനില്‍ തങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണമെന്നും വാഹനം നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ശ്രദ്ധിക്കുകയും വേണമെന്നും നാപ്പ് നിര്‍ദേശിക്കുന്നു.
Leave a Reply