ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടനിൽ നിന്ന് ശേഖരിച്ച മലിനജല സാമ്പിളിൽ പോളിയോ രോഗത്തിന് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. യുകെയിൽ കുട്ടികൾക്ക് പോളിയോയ്ക്ക് എതിരെ വാക്സിനേഷൻ നൽകാറുണ്ട്. എന്നാൽ ലണ്ടനിൽ പോളിയോയ്ക്ക് എതിരെ വാക്സിൻ എടുക്കുന്നവരുടെ എണ്ണം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ലണ്ടനിൽ 86% ആൾക്കാരേ മൂന്ന് ഡോസ് പോളിയോ വാക്സിൻ എടുത്തിട്ടുള്ളൂ എന്നാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ ഇത് 92 ശതമാനമാണ്.
1950 -കളിൽ യുകെയിൽ പോളിയോ രോഗം സർവ്വസാധാരണമായിരുന്നു. പക്ഷെ 2003 – ഓടെ പോളിയോ വൈറസിനെ പൂർണ്ണമായി തുടച്ചു നീക്കുന്നതിൽ രാജ്യം വിജയം കണ്ടിരുന്നു. അടുത്തിടെ വിദേശത്തുനിന്നും വന്ന ആരിലൂടെയോ എത്തിപ്പെട്ടതാകാം പോളിയോ വൈറസ് എന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ അനുമാനം.
നിലവിൽ അപകടസാധ്യത കുറവാണെങ്കിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഭൂരിഭാഗം പേർക്കും കുട്ടിക്കാലത്തുതന്നെ പോളിയോ വാക്സിൻ നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർ വാക്സിൻ എടുക്കാത്തത് അക്കൂട്ടരിൽ അപകടസാധ്യത ഉയർത്തുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സലിബ പറഞ്ഞു.
Leave a Reply