ന്യൂസ് ഡെസ്ക്, മലയാളം യുകെ
താമസിക്കുന്നതിനുള്ള അപേക്ഷാ ഫോം തെറ്റായി പൂരിപ്പിച്ചെന്ന കാരണം പറഞ്ഞ് 80 വയസ്സുകാരിയായ വയോധിക യുകെയിൽ നിന്ന് നാടുകടത്തൽ ഭീക്ഷണി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൽസ്ബിയേറ്റ ഓൾസ്വെവ്സ്ക എന്ന പോളണ്ടുകാരിയായ വയോധികയാണ് നിസ്സാരമായ കാരണങ്ങളുടെ മേൽ കടുത്ത അനീതിക്ക് ഇരയായത്. പേപ്പറിൽ നൽകേണ്ട അപേക്ഷ ഓൺലൈനിൽ പൂരിപ്പിച്ചതാണ് അപേക്ഷ നിരസിക്കാൻ കാരണമായി ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്.
എൽസ്ബിയേറ്റ ഓൾസ്വെവ്സ്കിൻ്റെ ഏക മകൻ മൈക്കൽ ഓൾസ്വെവ്സ്ക വർഷങ്ങൾ ആയി യുകെയിൽ ആണ് താസിക്കുന്നത് . 2006 മുതൽ ഇദ്ദേഹം യുകെയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. തുടക്കത്തിൽ യൂറോപ്യൻ യൂണിയൻ പൗരനായി യുകെയിൽ എത്തിയ അദ്ദേഹം പിന്നീട് ബ്രിട്ടീഷ് പൗരൻ ആയി. നിലവിൽ അദ്ദേഹത്തിന് ഇരട്ട പോളിഷ് – യുകെ പൗരത്വമുണ്ട്. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ കൂടുതൽ സംരക്ഷണം നൽകാനായി അവരെ യുകെയിലേയ്ക്ക് മാറ്റാനായി മൈക്കൽ ഓൾസ്വെവ്സ്ക ആഗ്രഹിച്ചതിനെ തുടർന്നാണ് സംഭവങ്ങൾ ആരംഭിച്ചത്. ഓൾസ്വെവ്സ്കിയുടെ സാഹചര്യത്തിലുള്ള ആളുകൾക്ക് മാതാപിതാക്കളെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് സെറ്റിൽമെന്റ് സ്കീമിന് കീഴിൽ നിയമപരമായ മാർഗമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ആറ് മാസത്തെ സന്ദർശക വിസയിൽ ഓൾഷെവ്സ്ക യുകെയിൽ എത്തി. താമസിയാതെ എല്ലാ ശരിയായ വിവരങ്ങളും അടങ്ങിയ അപേക്ഷ, മകനും ഭാര്യയും ചേർന്ന് ബ്രിട്ടനിൽ സ്ഥിരമായി താമസിക്കുന്നതിനായി സമർപ്പിച്ചു. ആറ് മാസത്തെ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ കുടുംബത്തിന് ഹോം ഓഫീസിൽ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ മാർച്ച് മാസം 25-ാം തീയതി ഹോം ഓഫീസിൽ നിന്ന് ലഭിച്ച അറിയിപ്പ് ഇവരുടെ കുടുംബത്തെ ഞെട്ടിക്കുന്നതായിരുന്നു. അപേക്ഷിക്കേണ്ട രീതി പേപ്പർ ഫോം ഉപയോഗിക്കുക എന്നതാണെന്നും നിലവിൽ അസാധുവായ അപേക്ഷയുമായി ബന്ധപ്പെട്ട് അപ്പീൽ നൽകാൻ അവകാശമില്ലെന്നുമാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.
സന്ദർശക വിസ കാലഹരണപ്പെട്ടതിനാൽ യുകെയിൽ തുടരാൻ അവർക്ക് നിയമപരമായി അവകാശമില്ല. നിയമവിരുദ്ധമായി തുടരുന്നതിനാൽ തടങ്കലിൽ വയ്ക്കുക, പിഴ ചുമത്തുക, യുകെയിലേയ്ക്ക് മടങ്ങുന്നത് വിലക്കുക തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട് . ഇത്തരം അപേക്ഷകളിൽ പേപ്പർ ഫോമിനായി അപേക്ഷകർ ഹോം ഓഫീസിനോട് അഭ്യർത്ഥിക്കണം. അവർ വ്യക്തിയുടെ പേര് സഹിതം അയക്കുന്ന അപേക്ഷാഫോം പ്രിൻറ് എടുത്ത് പൂരിപ്പിച്ച് സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇമിഗ്രേഷൻ സംവിധാനം ഓൺലൈനായി മാറ്റുകയാണെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ ചില അപേക്ഷകൾ ഇപ്പോഴും പേപ്പറിൽ തന്നെ നൽകണമെന്ന് എല്ലാവർക്കും അറിയില്ല. നിലവിൽ സംഭവം വൻ വിവാദമായി തീർന്നിരിക്കുകയാണ്. ആറ് മാസത്തിന് ശേഷമാണ് അപേക്ഷ അസാധുവാണെന്ന് തങ്ങളോട് പറഞ്ഞതെന്ന് മൈക്കൽ ഓൾസ്വെവ്സ്ക പറഞ്ഞത്. ഇത്തരം നടപടികൾ ഏകാധിപത്യ രാജ്യങ്ങൾ എടുക്കുന്ന പോലെയുള്ള തീരുമാനമാണെന്നും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയാതിരിക്കുക എന്നത് ഞങ്ങളുടെ ദീർഘകാല നയമാണ് എന്നാണ് ഹോം ഓഫീസ് വക്താവ് സംഭവത്തോട് പ്രതികരിച്ചത്.
Leave a Reply