നൈജല്‍ ഫരാഷിനും അദ്ദേഹത്തിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിക്കും ജനപിന്തുണയേറുന്നതായി റിപ്പോര്‍ട്ട്. ലേബര്‍, കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളില്‍ ആശങ്കയേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്നാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ആശങ്കപ്പെടുന്നത്. തങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് മുതിര്‍ന്ന ടോറി, ലേബര്‍ നേതാക്കള്‍. രണ്ടു മുഖ്യധാരാ പാര്‍ട്ടികള്‍ ചേര്‍ന്നാലും ലഭിക്കുന്നതിനേക്കാള്‍ ജനപിന്തുണ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പുതിയ പോള്‍ വ്യക്തമാക്കുന്നത്.
ഒബ്‌സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോളില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 34 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായത്. മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്നതായിരുന്നു ചോദ്യം. ലേബറിന് 21 ശതമാനം വോട്ടുകളും കണ്‍സര്‍വേറ്റീവിന് 11 ശതമാനം വോട്ടുകളും മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം പറയുന്നു. ഫരാഷിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ മൂന്നിലൊന്ന് മാത്രമേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിന് ലഭിക്കൂ എന്നതാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പോലും 12 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.
കഴിഞ്ഞ മാസം മാത്രം നിലവില്‍ വന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണയേറുന്നത് എംപിമാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുകെ ഡീലുകളൊന്നുമില്ലാതെ എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് നൈജല്‍ ഫരാഷിന്റെ അഭിപ്രായം. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഈ വാദം ശക്തമാകുമെന്നാണ് ആശങ്ക.
Leave a Reply