തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാള്‍ ആഞ്ഞടിക്കുന്നത് മറ്റൊരു വിഷയമാണ്. പൊള്ളാച്ചി പീഡനക്കേസും അതിന്റെ പിന്നാലെ പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. തമിഴ്‌നാടിനെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ ഈ സംഭവം തകര്‍ത്തിരിക്കുകയാണ്. തമിഴ് തെരുവുകള്‍ മുഴുവന്‍ ഇപ്പോള്‍ പ്രതിഷേധത്തിലാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, യുവജനപ്രസ്ഥാനങ്ങള്‍ എല്ലാം തങ്ങളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉയര്‍ത്തുകയാണ്.
ഒരു കേളേജ് വിദ്യാര്‍ത്ഥിനി താന്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും സഹോദരനോട് പറയുന്നതോടെയാണ് നാടിനെ നടുക്കിയ വലിയ ലൈംഗിക ചൂഷണ പരമ്പരയുടെ കഥകള്‍ പുറത്ത് അറിയുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പ്രതികളായ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയെന്ന വിവരം പുറത്തു വരുന്നത്. ഒരാളുടെ മൊബൈല്‍ ഫോണില്‍ മാത്രം അമ്പത് പെണ്‍കുട്ടികളുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു.
ശബരിരാജന്‍, വസന്തകുമാര്‍, സതീഷ്, തിരുനാവരശ് എന്നിവരാണ് ഈ കൊടും ക്രൂരത ചെയ്ത പ്രതികള്‍. എന്നാല്‍ ഇവര്‍ മാത്രമല്ല, ഈ പീഡനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതും രാഷ്ട്രീയക്കാരടക്കം ഇതിനു പിന്നിലുണ്ടെന്നുമാണ് ഇപ്പോള്‍ പരാതികള്‍ ഉയരുന്നത്. സംഭവം വിവാദമായതോടെ കേസ് അന്വേഷണം സിബി സി ഐ ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. സംസ്ഥാനം ഭരിക്കുന്ന എ ഐ എഡി എം കെ സര്‍ക്കാര്‍ വരെ ഈ സംഭവത്തില്‍ പ്രതികൂട്ടിലാണ്. പ്രതിപക്ഷമായ ഡിഎംകെ, കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്ന് ചെന്നൈയില്‍ എത്തിയ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ സംഭവത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തു വരുന്നുണ്ട്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് തമിഴ്‌നാടിന്റെ രോഷം ആളിക്കത്തിക്കുന്നത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരോട് കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം വലിയ രോഷത്തിനാണ് ഇടയാക്കിയിരിക്കുന്നത്. എന്നെ വിട് അണ്ണാ എന്നു പറഞ്ഞാണ് കുറ്റവാളികളോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിക്കുന്നത്. ഇത്ര ദയനീയമായി ഒരു പെണ്‍കുട്ടി യാചിക്കുമ്പോഴും ക്രൂരമായ ചിരിയോടെ അവളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പ്രതികള്‍ക്കെതിരേ കടുത്ത ജനരോഷമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള രണ്ടു വീഡിയോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ ഈ കേസിലെ ഇരകളുടേതു തന്നെയാണോ എന്നു നിശ്ചയമില്ല. നക്കീരന്‍ മാസികയാണ് വീഡിയോ പുറത്തു വിട്ടതെന്നു പറയുന്നു. പ്രതികളില്‍ ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോകളാണിതെന്നും പറയുന്നുണ്ട്.
ഫെബ്രുവരിയിലാണ് പൊള്ളാച്ചിയില്‍ പ്രതികളുടെ കെണിയില്‍പ്പെട്ട പെണ്‍കുട്ടി പരാതി പൊലീസിന് കിട്ടുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലാകുന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതികള്‍ ഏകദേശം 200 ഓളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇരകളാക്കിയിട്ടുണ്ടെന്നാണ്.
സോഷ്യല്‍ മീഡിയ വഴി പരിചയം ഉണ്ടാക്കിയാണ് പെണ്‍കുട്ടികളുമായി പ്രതികള്‍ അടുപ്പം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഈ പരിചയത്തിനു പുറത്ത് തമ്മില്‍ കാണുകയും കെണിയില്‍ വീഴ്ത്തുകയുമായിരുന്നു. കൂട്ടമായി ചേര്‍ന്ന് പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ചെന്നെ, സേലം, കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികളെ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ജോലിക്കാരായ യുവതികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ പല പ്രായക്കാരെ ഇവര്‍ ഉപദ്രവിച്ചിട്ടുണ്ട്. ഡോക്ടര്‍മാരായ ചില സ്ത്രീകള്‍ വരെ ഇവരുടെ ചതിയില്‍പ്പെട്ടു പോയിട്ടുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ പ്രതികള്‍ ഇനിയും ഇത്തരം ചതിയുമായി മുന്നോട്ടു പോകുമായിരുന്നുവെന്നും മുന്‍പ് പീഡിപ്പിക്കപ്പെട്ടവര്‍ മൗനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ ഇരകള്‍ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നുണ്ട്. പൊള്ളാച്ചിയിലെ പെണ്‍കുട്ടി പരാതി നല്‍കുകയും ഫെബ്രുവരി 24 ന് തന്നെ പൊലീസ് മൂന്നുപേരെ പിടികൂടുകയും തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 6 ന് നാലമാനെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കൂടുതല്‍ പേര് ഇവരുടെ സംഘത്തില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതും
Leave a Reply