ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിലുണ്ടാക്കിയ ശമ്പള കരാറിനെ കുറിച്ചുള്ള വോട്ടെടുപ്പ് വിവിധ യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരംഭിച്ചു. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചെങ്കിൽ മാത്രമെ മാർച്ച് 16-ാം തീയതി സർക്കാർ മുന്നോട്ടുവച്ച കരാറിനെ യൂണിയനുകൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ടിലെ ഏകദേശം 280,000 നേഴ്സുമാരാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നത്.
മാർച്ച് 28 മുതൽ ഏപ്രിൽ 14 വരെയാണ് ആർസിഎൻ അംഗങ്ങൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായി നൽകിയിരിക്കുന്ന സമയപരിധി. മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരിൽ ഭൂരിപക്ഷവും സർക്കാരും യൂണിയൻ നേതാക്കളും തമ്മിൽ ധാരണയിലായ ശമ്പള വർദ്ധനവിൽ തൃപ്തരല്ലെന്നാണ് സൂചനകൾ. മലയാളം യുകെ ന്യൂസ് ആശയവിനിമയം നടത്തിയ ഒട്ടുമിക്ക മലയാളി നേഴ്സുമാരും തങ്ങൾ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്നാണ് പ്രതികരിച്ചത്. അംഗങ്ങൾ ശമ്പള കരാറിനോട് പുറംതിരിഞ്ഞു നിന്നാൽ യൂണിയനുകൾക്ക് പണിമുടക്കുമായി മുന്നോട്ടു പോകേണ്ടതായി വരും. കോവിഡും പണിമുടക്കും മൂലം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ എൻഎച്ച്എസിനെ ഇത് കൂടുതൽ സമ്മർദ്ദത്തിലാക്കും.
ആർസിഎൻ , യൂണിസൺ ഉൾപ്പെടെയുള്ള യൂണിയനുകളുടെ നേതാക്കൾ സർക്കാരുമായുള്ള ശമ്പള കരാറിനെ അംഗങ്ങൾ അനുകൂലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുത്തിരിഞ്ഞത്. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.