ലണ്ടന്‍: ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ ദരിദ്രരായ കുട്ടികള്‍ക്ക് മാര്‍ക്ക് ഇളവ് അനുവദിക്കാന്‍ നീക്കം. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികളേക്കാള്‍ കുറഞ്ഞ മാര്‍ക്ക് മതി ഇവര്‍ക്ക് ഇനി ഗ്രാമര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍. ഇത്തരക്കാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിലവിലുള്ള ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാനാണ് പുതിയ പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേറ്റ് സ്‌കൂളുകളിലെ മധ്യവര്‍ഗ്ഗ ആധിപത്യം അവസാനിപ്പിക്കാനുള്ള നടപടികളുടെ ബാഗമായാണ് ഈ മാറ്റം.
അടുത്ത മാസം പ്രഖ്യാപിക്കുന്ന ഈ നടപടികളിലൂടെ രാജ്യത്തെ മികച്ച സ്‌കൂളുകളില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തെരേസ മേയ് പ്രഖ്യാപിച്ച പുതിയ തലമുറ ഗ്രാമര്‍ സ്‌കൂളുകളില്‍ മുമ്പ് ഉണ്ടായിരുന്ന വിധത്തില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ കര്‍ശനമായിരിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 168 ഗ്രാമര്‍ സ്‌കൂളുകളും പുതിയ നിബന്ധനകള്‍ പാലിക്കണം.
പ്രവേശനത്തിനായുള്ള പരീക്ഷകള്‍ പോലും സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ എളുപ്പമുള്ളവയാക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഗ്രാമര്‍ സ്‌കൂളുകള്‍ മധ്യവര്‍ഗത്തിനു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓഫ്‌സ്റ്റെഡ് മുന്‍ തലവന്‍ സര്‍ മൈക്കിള്‍ വില്‍ഷോ പോലും ഈ സമ്പ്രദായത്തെ എതിര്‍ത്തിരുന്നു. ഗ്രാമര്‍ സ്‌കൂളുകൡ 3 ശതമാനം കുട്ടികള്‍ മാത്രമാണ് സൗജന്യ ഉച്ചഭക്ഷണത്തിന് അര്‍ഹരായവര്‍. അതേ സമയം മറ്റു സ്‌കൂളുകളില്‍ ഇത് 18 ശതമാനമാണ്.