ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ ദരിദ്രരായ വിദ്യാർത്ഥികൾ അതിസമ്പന്നരായ വിദ്യാർത്ഥികളെക്കാൾ മൂന്ന് എ-ലെവൽ ഗ്രേഡുകൾക്ക് വരെ പിന്നിലാണെന്ന് പഠനം സൂചിപ്പിക്കുന്നു. താഴ്ന്ന ജിസിഎസ്‌ഇ ഗ്രേഡുകൾ കാരണം 16 മുതൽ 19 വയസിനിടെയിലുള്ള വിദ്യാർത്ഥികളുടെ യോഗ്യതയും കുറയുകയാണെന്ന് എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ചില പ്രദേശങ്ങളിൽ ദരിദ്രരായ വിദ്യാർത്ഥികൾ അഞ്ച് ഗ്രേഡുകൾ വരെ പിന്നിലായിരുന്നു. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എ ലെവൽ കോഴ്സുകൾ ആരംഭിക്കുന്നത് തന്നെ സമ്പന്നർക്ക് പിന്നിൽ നിന്നുകൊണ്ടാണ്. ഇത് തുടരുന്നത് അവരെ വീണ്ടും പിന്നിലേക്ക് പോകുന്നതിനുള്ള കാരണമാകുമെന്നും ഇപിഐ കൂട്ടിച്ചേർത്തു. നോവ്‌സ്ലി ഓൺ മെർസീസൈഡ്, നോർത്ത് സോമർസെറ്റ്, സ്റ്റോക്ക്ടൺ-ഓൺ-ടൈസ് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾ 5 എ ലെവൽ ഗ്രേഡുൾക്ക് പിന്നിലായിരുന്നു.
സെക്കൻഡറി സ്കൂളിന്റെ അവസാനത്തിനും 19 വയസ്സിനും ഇടയിലുള്ള യോഗ്യതകളും ഗ്രേഡുകളും അടിസ്ഥാനമാക്കി, വിദ്യാർത്ഥികളുടെ അവസാന ആറുവർഷത്തെ സൗജന്യ സ്കൂൾ ഭക്ഷണ നിലയും ഇപിഐ പരിശോധിച്ചു. 2017 നും 2019 നും ഇടയിലുള്ള പോരായ്മ പരിഹരിക്കുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിലെ ദരിദ്രരെ കൂടുതൽ കഠിനമായി ബാധിച്ച പകർച്ചവ്യാധിയുടെ ആഘാതം മൂലം ഇത് വഷളാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. എന്നാൽ കോളേജ് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 2020-21ൽ 530 മില്യൺ പൗണ്ട് നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന 16 മുതൽ 19 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അധിക ധനസഹായം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് മൂലമുണ്ടായ പഠനനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി നീക്കിവെച്ച തുക അടിയന്തിരമായി ലഭ്യമാക്കണം. ദരിദ്ര വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സ്കൂളുകൾക്ക് അധിക പണം നൽകുന്ന വിദ്യാർത്ഥി പ്രീമിയം 16 വയസ്സിന് മുകളിലേക്ക് നീട്ടണമെന്ന് അസോസിയേഷൻ ഓഫ് കോളേജുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഹ്യൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply