വത്തിക്കാന്‍: വിനാശകാരിയായ ബോംബിന് മാതാവ് എന്ന പേരിട്ട അമേരിക്കന്‍ സേനയ്ക്ക് മാര്‍പാപ്പയുടെ വിമര്‍ശനം. മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് എന്ന അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബ്, ബോംബുകളുടെ മാതാവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മാതാവ് ജീവനാണ് നല്‍കുന്നത്. എന്നാല്‍ ഈ ബോംബ് മരണവും. എന്നിട്ടും ഇതിനെ വിളിക്കുന്നത് മാതാവെന്ന്! എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും പോപ്പ് പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ഈ ബോംബ് പ്രയോഗിച്ചിരുന്നു. അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ പര്‍വത പ്രദേശത്ത് ഐസിസ് തീവ്രവാദികള്‍ കഴിഞ്ഞിരുന്ന തുരങ്കങ്ങളിലേക്കായിരുന്നു ബോംബ് പ്രയോഗിച്ചത്. പത്ത് വര്‍ഷത്തിലേറെയായി ഈ ആയുധം അമേരിക്കന്‍ സൈന്യത്തിന് സ്വന്തമായുണ്ടെങ്കിലും ആദ്യമായാണ് ശത്രുവിനെതിരെ ഉപയോഗിച്ചത്. ഒരു മൈല്‍ ചുറ്റളവില്‍ നാശങ്ങളുണ്ടാക്കുന്ന ബോംബുകളുടെ മാതാവ് എന്ന ഈ ആയുധം മീറ്ററുകളോളം ആഴത്തിലും കനത്ത നാശനഷ്ടം വിതയ്ക്കാന്‍ ശേഷിയുള്ളതാണ്. 10 ടണ്ണോളം ഭാരവും ഈ ബോംബിനുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ആഴ്ചകള്‍ക്കു മുമ്പാണ് അമേരിക്കന്‍ സേനയെ വിമര്‍ശിച്ച് പോപ്പ് രംഗത്തെത്തിയത്. നിരവധി വിഷയങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രത്യക്ഷ പരാമര്‍ശങ്ങളുമായി പോപ്പ് ഫ്രാന്‍സിസ് രംഗത്ത് വന്നിരുന്നു. അഭയാര്‍ത്ഥി, കുടിയേറ്റ പ്രശ്‌നങ്ങളിലും കാലാവസ്ഥാ മാറ്റങ്ങളേക്കുറിച്ചുള്ള നിലപാടിലും ട്രംപിന് വിരുദ്ധമായ നിലപാടുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിട്ടുള്ളത്. യൂറോപ്പ് പര്യടനത്തിനിടയ്ക്ക് ഈ മാസം ട്രംപ് വത്തിക്കാനില്‍ എത്തുന്നുണ്ട്.