അമേരിക്കയിലെ കൊളംബസ് രൂപതയുടെ ബിഷപ്പായി ഇന്ത്യൻ വംശജനായ വൈദികൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വെള്ളക്കാരനല്ലാത്ത ഒരാൾ ഈ രൂപതയുടെ ചുമതല ഏറ്റെടുക്കുന്നതും അമേരിക്കൻ കത്തോലിക്കാസഭയിൽ ഇന്ത്യൻവംശജൻ ബിഷപ്പാകുന്നതും ആദ്യമാണ്.
കൊളംബസ് രൂപതയുടെ ഇപ്പോഴത്തെ ബിഷപ് റോബർട്ട് ബ്രണ്ണൻ ബ്രൂക്ലിൻ രൂപതയിലേക്കു സ്ഥലംമാറുകയാണ്. നാല്പത്തൊന്പതുകാരനായ ഫാ. ഏളിന്റെ സ്ഥാനാരോഹണം മേയ് 31നു നടക്കും. നിലവിൽ സിൻസിനാറ്റിയിലെ മൂവായിരത്തിനുമേൽ കുടുംബങ്ങൾ അംഗമായ സെന്റ് ഇഗ്നേഷ്യസ് ലയോള ഇടവകയുടെ പാസ്റ്ററാണ്.
മുംബൈയിൽനിന്നു കുടിയേറിയ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ ഫെർണാണ്ടസിന്റെയും അഞ്ച് ആൺമക്കളിൽ നാലാമനായി ഒഹായോയിലെ ടോളേഡോയിലാണു ജനനം. അമ്മ അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. ഏളിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി കോളജ് ഓഫ് മെഡിസിനിൽ ചേർന്ന അദ്ദേഹം ദൈവവിളി തിരിച്ചറിഞ്ഞ് 1997ൽ വെസ്റ്റ് സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരീസ് സെമിനാരിയിൽ ചേർന്നു.
2002ൽ വൈദികനായി. റോമിലെ അൽഫോൻസിയൻ അക്കാഡമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 2019ലാണ് സിൻസിനാറ്റി സെന്റ് ഇഗ്നേഷ്യസ് ലയോള ഇടവകയിൽ നിയമിക്കപ്പെട്ടത്.
Leave a Reply