കത്തോലിക്കാ സഭയെ നിരന്തരം വിമര്‍ശിക്കുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സതേണ്‍ ഇറ്റലിയില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായി സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പ ഈ പരാമര്‍ശം നടത്തിയത്. സഭയുടെ പിഴവുകള്‍ വിമര്‍ശിക്കപ്പെട്ടാലേ അവ പരിഹരിക്കാനാകൂ. എന്നാല്‍ അത്തരം വിമര്‍ശനങ്ങളില്‍ സ്‌നേഹമുണ്ടായിരിക്കണം. അതില്ലാത്ത വിമര്‍ശകരെ സാത്താന്റെ സുഹൃത്തുക്കള്‍ എന്നേ വിശേഷിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് തന്റെ ജീവിതകാലം മുഴുവന്‍ സഭയെ വിമര്‍ശിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ സാത്താന്റെ സുഹൃത്തുക്കളും സഹോദരങ്ങളും ബന്ധുക്കളുമൊക്കെയാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി. കത്തോലിക്കാ പുരോഹിതര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വത്തിക്കാന്‍ നടത്താനിരിക്കുന്ന ഉച്ചകോടിക്ക് തൊട്ടു മുമ്പായി പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ റോമില്‍ ഒത്തുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കത്തോലിക്കാ സഭാ നേതൃത്വം നടത്തുന്ന സമ്മേളനം നാലു ദിവസം നീളും. ഇതില്‍ 180 ബിഷപ്പുമാരും കര്‍ദിനാള്‍മാരും പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അതേസമയം, ഈ വിഷയം സഭ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു. സമ്മേളനം ഒരു വഴിത്തിരിവായിരിക്കുമെന്നാണ് സഭ അവകാശപ്പെടുന്നത്. എന്നാല്‍ വളരെ ആഴത്തിലുള്ള ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ പോലും സഭ തയ്യാറായിട്ടില്ലെന്ന് പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പോപ്പിനോട് ആവശ്യപ്പെടുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെട്ടവരെയും ആക്ടിവിസ്റ്റുകളെയും ഒരുമിപ്പിക്കുന്ന എന്‍ഡിംഗ് ക്ലെര്‍ജി അബ്യൂസ് എന്ന സംഘടനയുടെ വക്താവ് പീറ്റര്‍ ഐസ്ലി പറഞ്ഞു.

പീഡനം നടത്തുന്ന പുരോഹിതരെയും അത് മറച്ചുവെക്കുന്ന ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും പുറത്താക്കുകയാണ് വേണ്ടത്. രാജിവെക്കുന്നത് വിഷയത്തില്‍ പരിഹാര മാര്‍ഗ്ഗമല്ലെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ നടത്തുന്ന സമ്മേളനത്തിന്റെ സംഘാടക സമിതിയുമായി പുരോഹിത പീഡനത്തിനിരയായ 12 പേര്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കുട്ടികളെ പീഡനത്തിന് ഇരയാക്കിയതില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് പുരോഹിതരുടെ പേരുവിവരങ്ങള്‍ പുറത്തു വിടണമെന്ന് ഇവര്‍ മാള്‍ട്ട ആര്‍ച്ച് ബിഷപ്പിന് നല്‍കിയ കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പുരോഹിതര്‍ നടത്തുന്ന പീഡനങ്ങളിലൂടെ ജനങ്ങള്‍ക്ക് വത്തിക്കാനിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.











Leave a Reply