സ്വന്തം ലേഖകൻ
മാനന്തവാടി : വയനാട് കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കത്തോലിക്കാ സഭയിലെ മാനന്തവാടി രൂപതാ വൈദികൻ റോബിന്‍ വടക്കുംചേരിയെ മാർപാപ്പയും കൈവിട്ടു. 16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ സംരക്ഷിക്കാൻ സഭ കാണിച്ച താല്പര്യം വാർത്തകളിൽ നിറഞ്ഞിരുന്നു. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമത്തിന് പിന്നാലെ നിയമപ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടിയെ വിവാഹം ചെയ്യാനും റോബിന്‍ വടക്കുംചേരി ശ്രമം നടത്തി. എന്നാൽ മാനന്തവാടി രൂപതയുടെ നീക്കങ്ങളെ തള്ളി മാർപാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് റോബിന്‍ വടക്കുംചേരിയെ പുറത്താക്കുകയായിരുന്നു. വത്തിക്കാനിൽ നിന്നുള്ള ഉത്തരവ് ഈ ഫെബ്രുവരിയിൽ രൂപത വടക്കുംചേരിക്ക് കൈമാറിയിരുന്നു എന്ന് രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ ജോസ് കൊച്ചരക്കലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
2016ലാണ് കേസിനാസ്‌പദമായ സംഭവം. കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിവികാരിയും കൊട്ടിയൂർ എംജെഎംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായിരുന്ന റോബിന്‍ വടക്കുംചേരി പെൺകുട്ടിയെ പള്ളിമുറിയ്ക്കകത്തേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് 2017 ഫെബ്രുവരി 28നാണ് റോബിൻ വടക്കുംചേരി അറസ്റ്റിലായത്. കാനഡയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് വടക്കുംചേരി അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരിയിൽ മാനന്തവാടി ബിഷപ്പ് വൈദികവൃത്തിയിൽ നിന്നെ വടക്കുംചേരിയെ സസ്‌പെൻഡ് ചെയ്തു. ഒപ്പം തലശേരി പോക്‌സോ കോടതി പ്രതിക്ക് മൂന്ന് വകുപ്പുകളിലായി 20 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.
2019 ഏപ്രിൽ 19 ന് മാനന്തവാടി ബിഷപ്പ് വത്തിക്കാനിലേക്ക് തന്റെ റിപ്പോർട്ട് അയച്ചിരുന്നു. ഏപ്രിലിൽ വത്തിക്കാൻ നടപടികൾ ആരംഭിച്ചു. തുടർന്ന് വൈദികവൃത്തിയിൽ നിന്ന് പ്രതിയെ പുറത്താക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ഡിസംബർ അഞ്ചിനാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് റോബിന് കൈമാറുകയും തുടർന്ന് അന്തിമ റിപ്പോർട്ട് വത്തിക്കാനിലേക്ക് അയക്കുകയും ചെയ്തു. അതിനുശേഷം മാർപാപ്പ വിഷയത്തിൽ ഇടപെടുകയും റോബിൻ വടക്കുംചേരിയെ പുറത്താക്കുകയുമായിരുന്നു.
Leave a Reply