ഐഡിയ സ്റ്റാർ സിംഗറെന്ന ചാനൽ സംഗീത മത്സരത്തിൽ തിളങ്ങിയ കായംകുളം ബാബു (45) ഇപ്പോൾ ഉപജീവനത്തിന് വേണ്ടി ക്ഷേത്രമുറ്റങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ്. കാഴ്ചയെ തൊട്ടുണർത്താൻ മറന്നുപോയ തമ്പുരാന്റെ മുന്നിൽ പാടുമ്പോൾ അന്നന്നത്തേക്കുള്ള വക ലഭിക്കും. വീട്ടിൽ ഭാര്യ സിന്ധുവിനും മക്കൾ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാൻ ബാബു ഇങ്ങനെ പാടാൻ പോയേ പറ്റൂ. ഉത്സവസീസൺ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാർ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോൾ പാട്ടിനെ സ്നേഹിക്കുന്നവർ കനിയണമെന്ന് ബാബു പറഞ്ഞു.

ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോൾ രക്ഷാകർത്താക്കൾ ഉപേക്ഷിച്ചതാണ്. കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആൾ എടുത്ത് വളർത്തുകയായിരുന്നു. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസിൽ സംഗീതം പഠിക്കാൻ അവസരമൊരുങ്ങി. കായംകുളം വിജയൻ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടു. പിന്നീട് മാവേലിക്കര ഗോപിനാഥൻ, കരുനാഗപ്പള്ളി ഭാസ്കരപിള്ള എന്നിവർക്കൊപ്പം കൂടുതൽ പഠിച്ചു. പൂർണമായും കാഴ്ചയില്ലാത്ത ബാബു 2010ൽ സ്റ്റാർ സിംഗർ പരിപാടിയിൽ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും കൂടുതൽ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളിൽ സജീവമായത്. ഇതിൽ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട് (സായികൃപ) വച്ചത്. സീസൺ കഴിഞ്ഞാൽ ബുദ്ധിമുട്ടാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുട്ടപർത്തിയിൽ എം.ജി. ശ്രീകുമാർ, കാവാലം ശ്രീകുമാർ, രാധിക തിലക് എന്നിവർക്കൊപ്പം പാടാൻ കഴിഞ്ഞു. ഗാനഗന്ധർവ്വൻ യേശുദാസിനെയും എസ്. ജാനകിയെയും അടുത്ത് പരിചയപ്പെടാനും അവസരമൊരുങ്ങി. ക്ഷേത്ര മുറ്റത്ത് പാടാനെത്തുമ്പോൾ കൈയിൽ ഒരു പ്ളാസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും ഉണ്ടാകും. ഇത് കൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും കാഴ്ചക്കാരൊത്തിരിയുണ്ടാകും. അവർ നൽകുന്ന ചില്ലറ തുട്ടുകളാണ് ഒരു കുടുംബത്തിന്റെ വിശപ്പകറ്റുന്നത്.