കെന്റ്: അമ്പതോളം അഭയാര്‍ത്ഥികള്‍ ഫെറിയില്‍ കയറിയതിനേത്തുടര്‍ന്ന് കാലേയ് തുറമുഖം അടച്ചു.തുറമുഖത്തേക്ക് അഞ്ഞൂറോളം അഭയാര്‍ത്ഥികള്‍ ഇടിച്ചു കയറുകയും അതില്‍ അമ്പതോളം പേര്‍ ഫെറിയില്‍ കയറുകയുമായിരുന്നു. പോലീസ് ഇടപെടലിനേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പത്തു മണിയോടയാണ് ഫെറി സര്‍വീസുകള്‍ പുനനരാരംഭിച്ചത്. തുറമുഖത്തുണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്നും പിആന്‍ഡ് ഒ ഫെറീസ് പത്തുമണിക്ക് ട്വീറ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ കാലേയില്‍ അഭയാര്‍ത്ഥികള്‍ക്കനുകൂലമായി 2000ത്തോളെ പേര്‍ അണിനിരന്ന പ്രകടനവും നടന്നു.
ഫെറി സര്‍വീസ് നടത്തുന്ന കപ്പലില്‍ കയറിയ അഭയാര്‍ത്ഥികളെ അഗ്നിശമനത്തിനുപയോഗിക്കുന്ന ഹോസുകളില്‍ നിന്ന് വെള്ളം പമ്പു ചെയ്താണ് പുറത്താക്കിയതെന്ന് ക്യടാംപെയ്ന്‍ ഗ്രൂപ്പായ കാലേയ് സോളിഡാരിറ്റി ട്വീറ്റ് ചെയ്തു. മറ്റൊരു ഫെറി കമ്പനിയായ ഡിഎഫ്ഡിഎശ് സീവേയ്‌സും കാലേയ് തുറമുഖം താല്‍ക്കാലികമായി അടച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്‌നമായതിനാല്‍ തുറമുഖം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത് വൈകുമെന്നു പി ആന്‍ഡ് ഒ അറിയിച്ചിരുന്നു.
കാലേയ് മേയര്‍ നതാഷ ബൂഷാര്‍ട്ട് അഭയാര്‍ത്ഥികള്‍ ഫെറിയില്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയതിരുന്നു. ഫെറിയില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്ന സമയത്താണ് സംഭവമെന്നും പോലീസ് വിഷയത്തില്‍ ഇടപെടുകയാണെന്നു മേയറെ ഉദ്ധരിച്ച് ബിബിസി അറിയിച്ചു. കാലേയിലെ അഭയാര്‍ത്ഥി ഇടപെടല്‍ മൂലം സര്‍വീസുകളില്‍ കാലതാമസം നേരിട്ടതായി ഡോവര്‍ തുറമുഖാധികൃതര്‍ അറിയിച്ചു. ഡോവര്‍ തുറമുഖം അടച്ചില്ലെങ്കിലും കാലേയില്‍ നിന്നുള്ള സര്‍വീസുകള്‍ നടക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
സിറിയയിലെ ആഭ്യന്തര കലാപത്തേത്തുടര്‍ന്ന് പലായനം ചെയ്‌തെത്തിയ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാംപുകള്‍ ലേബര്‍ തലവന്‍ ജെറെമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്നും സഹജീവികളെ പരിഗണിക്കാന്‍ നാം തയ്യാറാവണമെന്നും കോര്‍ബിന്‍ സന്ദര്‍ശനത്തിനു ശേഷം പ്രതികരിച്ചിരുന്നു.