മലയാളം യുകെ ന്യൂസ് ബ്യുറോ

തെക്കൻ വെയിൽസിലെ പോർട്ട്‌ ടാൽബോടിനടുത്ത് പാസഞ്ചർ ട്രെയിൻ തട്ടി 2 നെറ്റ്‌വർക്ക് റെയിൽ തൊഴിലാളികൾ മരണപ്പെട്ടു. ഇയർ ഡിഫെൻഡേർസ് വച്ചിരുന്നതിനാൽ അവർക്ക് ട്രെയിന്റെ ശബ്‍ദം കേൾക്കാൻ കഴിയാതെ പോയതാണ് ദുരന്തകാരണമെന്ന് ബ്രിട്ടീഷ് ട്രാൻസ്പോട്ട് പോലീസ് വിശദീകരിച്ചു. നോർത്ത് കോൺലിയിൽ നിന്നുള്ള 58 കാരനും കെൻഫിഗ് ഹില്ലിൽ നിന്നുള്ള 64 കാരനുമാണ് ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് ട്രെയിൻ തട്ടി മരിച്ചത്. “മൂന്നാമതൊരാൾ അപകടത്തിന്റെ ഞെട്ടലിലാണെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. ഞങ്ങളുടെ എല്ലാവിധ പിന്തുണയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കും.” ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് സൂപ്രണ്ട് ആൻഡി മോർഗൻ അറിയിച്ചു. “ഈ ദാരുണ സംഭവം അന്വേഷിച്ചതിനെ തുടർന്ന് 3 തൊഴിലാളികളും ആ സമയം ട്രാക്കിൽ ജോലിയിൽ ഏർപെട്ടവരാണെന്ന് അറിയാൻ സാധിച്ചു. ഒപ്പം 2 പേർ ഇയർ ഡിഫെൻഡേർസ് ധരിച്ചിരുന്നതിനാൽ ട്രെയിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. ” മോർഗൻ കൂട്ടിച്ചേർത്തു.

അപകടത്തെ തുടർന്ന് വെൽഷ് ആംബുലൻസ് സർവീസിലെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അതിനുമുമ്പ് സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യൂണിയൻ മേധാവികൾ ആവശ്യപ്പെട്ടു. ട്രാൻസ്‌പോർട്ട് സ്റ്റാഫ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനുവേൽ കോർട്സ് ഇപ്രകാരം പറഞ്ഞു. “എന്താണ് നടന്നതെന്ന് വളരെ എളുപ്പം തന്നെ അറിയാൻ സാധിച്ചു. എങ്കിലും തെറ്റായിട്ട് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ ഒരു സമ്പൂർണ അന്വേഷണം നടത്തണം. കാരണം ഈ നൂറ്റാണ്ടിൽ ആളുകൾ ജോലിക്ക് പോയി അവരുടെ ജീവൻ നഷ്ടപെടുന്നുവെന്നത് അംഗീകരിക്കാനാവില്ല. ”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

“എങ്ങനെയാണ് അപകടം നടന്നതെന്ന് വിശദമായി അന്വേഷിക്കും.” ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗ്രേയ്‌ലിംഗ് ഉറപ്പുനൽകി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് ഉദ്യോഗസ്ഥർ റെയിൽ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മോർഗൻ അറിയിച്ചു. “രണ്ട് പുരുഷന്മാരുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് അവർക്ക് വേണ്ടുന്ന സഹായവും പിന്തുണയും ഞങ്ങൾ നൽകും. അത്പോലെ ഈ അപകടത്തിന് സാക്ഷികളായവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ” മോർഗൻ കൂട്ടിച്ചേർത്തു. അപകടസമയത്ത് ട്രാക്കിൽ പണികൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ നെറ്റ്‌വർക്ക് റെയിലിന് ആയില്ലെന്നും ഭയാനകമായ അപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരുമെന്നും നെറ്റ്‌വർക്ക് റെയിൽ വെയിൽസ്‌ റൂട്ട് ഡയറക്ടർ ബിൽ കെല്ലി അറിയിച്ചു.