സ്വന്തം ലേഖകൻ

യു കെ :- ഇംഗ്ലണ്ടിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യുകെയിൽ അഞ്ചാം ഘട്ട കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത വർദ്ധിച്ചുവരുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ മാത്രം 20,426 രോഗികൾ ഉണ്ടെന്നാണ് സ്ഥിരീകരണം. നവംബറിൽ ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. സെക്കൻഡറി സ്കൂളുകളും, പബ്ബുകളും, അവശ്യ സാധനങ്ങൾ വിൽക്കാത്ത കടകളും എല്ലാം അടയ്ക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. ന്യൂ ഇയർ സമയത്ത് ജനങ്ങൾ ആരും തന്നെ പാർട്ടികളിലും മറ്റും പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്. ആദ്യഘട്ടത്തേതിനേക്കാൾ ഭീകരമായ സാഹചര്യമാണ് ഈ സമയത്ത് നിലനിൽക്കുന്നത് എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിൻ ആണ് രോഗം ഇത്രയധികം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ആദ്യഘട്ടത്തിൽ ഏപ്രിൽ മാസത്തിൽ ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം 18,974 മാത്രമായിരുന്നു. എന്നാൽ ഈ കണക്കാണ് ഇപ്പോൾ ഇരുപതിനായിരം കടന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബ്രിട്ടനിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കായ 41385 കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇന്നലെ മാത്രം 357 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും മറ്റും രോഗം പടരുന്നതിന് കാരണമായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.


ജനങ്ങൾ ഇത്രയും നാളും ചെയ്ത ത്യാഗങ്ങൾ ഇനിയും തുടരണമെന്ന ആവശ്യമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ ഡോക്ടർ യോവൻ ഡോയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലും മറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാലാംഘട്ട നിയന്ത്രണങ്ങൾ, മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് സമയമായി എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന് ലഭിക്കുന്ന നിർദേശങ്ങൾ.