ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റാനന്തര കരാറിനെ പാർലമെന്റിൽ പിന്തുണച്ച് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ, 521 വോട്ടുകൾക്കാണ് കരാർ പാസായത്. 73 പേർ മാത്രമാണ് കരാറിന് എതിരായി വോട്ട് ചെയ്തത്. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും കരാറിനെ അനുകൂലിച്ചു വോട്ട് ചെയ്തു. ഒരു കരാറും ഇല്ലായിരിക്കുന്നതിലും നല്ലതാണ്, ശക്തമല്ലെങ്കിലും ഒരു കരാർ ഉണ്ടാകുന്നതെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കും. ഹൗസ് ഓഫ് ലോർഡ് സിലും ബില്ല് പാസ്സായിട്ടുണ്ട്. ഇനി രാജ്ഞിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ബില്ല് പൂർത്തിയാകും.
ബില്ല് പാസാക്കുന്നതിൽ സഹായിച്ച എല്ലാ എം പിമാരോടും ഉള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്തിന്റെ ഭാവി ഇനി നമ്മുടെ കയ്യിൽ സുരക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, രാജ്യത്തിന് ഇനി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അതോടൊപ്പം തന്നെ സ്വതന്ത്ര വ്യാപാര കരാറുകളും ഏർപ്പെടാനുള്ള സാധ്യത തെളിഞ്ഞുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അടുത്ത വർഷം മുതൽ പുതിയ മാറ്റങ്ങൾ ആവും ഉണ്ടാവുക.
പരമാധികാരം എന്ന് പറയുന്നത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ അല്ല എന്ന് ഓർമിക്കണം എന്ന മുൻ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായുള്ള സഹകരണം ബ്രിട്ടന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. എന്നാലും താൻ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത് എന്ന് അവർ രേഖപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു ബില്ലിനെ എതിർത്ത് തന്നെയാണ് പാർലമെന്റിൽ വോട്ട് ചെയ്തത്.
Leave a Reply