ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും. സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് യുകെ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ലേബര്‍ എംപി, സ്റ്റീഫന്‍ കിന്നോക്ക് ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തകര്‍ക്കണമെങ്കില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കുക എന്നതാണ് മാര്‍ഗം. റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്നും കിന്നോക്ക് പറയുന്നു. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് കിന്നോക്ക് ഈ ആവശ്യം ഉന്നയിച്ചത്.
നമ്മുടെ പരമാധികാരത്തെയാണ് ലംഘിച്ചിരിക്കുന്നതെന്ന് റഷ്യക്ക് വ്യക്തമായ സന്ദേശം നല്‍കണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് വധശ്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കിന്നോക്ക് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായിരിക്കുന്ന ആക്രമണത്തിന് ഉത്തരവാദി റഷ്യയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുകെ പുറത്താക്കുകയും ചെയ്തിരുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കുന്നത്.
എന്നാല്‍ ബ്രിട്ടന്‍ റഷ്യക്കുമേല്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് കിന്നോക്ക് പറയുന്നു. ലോകകപ്പ് 2019 വരെ മാറ്റിവെക്കാന്‍ ഫിഫക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രിട്ടന് കഴിയണം. മറ്റൊരു രാജ്യത്തേക്ക് ലോകകപ്പ് മാറ്റാനും ബ്രിട്ടന്‍ ഫിഫയോട് ആവശ്യപ്പെടണമെന്നും കിന്നോക്ക് പറയുന്നു. ഇക്കാര്യത്തില്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് കിന്നോക്ക് ആവശ്യപ്പെട്ടത്.
Leave a Reply