കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സജീവ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിഫാം ഉടമയായ സജീവിന്റെ വീടിന്റെ ടെറസിനു മുകളില്‍ ഫാമിലെ ജീവനക്കാരനും സജീവിന്റെ സുഹൃത്തുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തു നിന്നും തകര്‍ന്ന നിലയില്‍ ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. അതിനാല്‍ വെടിയേറ്റ് മരിച്ചതാണൊ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനയില്ല. തലക്ക് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി.
ഇതിനിടെ കസ്റ്റഡിയിലെടുത്ത സജീവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രസാദിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
തൊഴിലാളി മുതലാളി വേര്‍തിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയില്‍ ഉണ്ടായിരുന്നില്ല . സജീവന്റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദെങ്കിലും ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദമായിരുന്നു . ഇരുവരും ഒന്നിച്ചുളള മദ്യപാനവും പതിവായിരുന്നു . ഇക്കഴിഞ്ഞ വെളളിയാഴ്ചയും ഇരുവരും ഒന്നിച്ചു തന്നെ മദ്യപിക്കാനിരുന്നു.
വൈകുന്നേരമായപ്പോഴേക്കും അര ലിറ്റര്‍ മദ്യം രണ്ടുപേരും കൂടി കുടിച്ചു തീര്‍ത്തു. വീണ്ടും മദ്യം വാങ്ങാന്‍ പോയതും രണ്ടു പേരും ഒന്നിച്ച് . ടൗണില്‍ നിന്ന് അര ലിറ്റര്‍ മദ്യം കൂടി ഇരുവരും ചേര്‍ന്ന് വാങ്ങി വന്നു. ഇതില്‍ നിന്ന് ഓരോ പെഗ് ഇരുവരും ചേര്‍ന്നു തന്നെ കുടിച്ചു. ബാക്കി വന്ന മദ്യം െടറസിനു മുകളില്‍ വച്ച ശേഷം വീട്ടില്‍ പൊയ്ക്കൊളളാന്‍ സജീവന് പ്രസാദിനോട് പറഞ്ഞു.
പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവന്‍് വീണ്ടും മദ്യപിക്കാനായി വീടിന്റെ ടെറസു കയറി . പക്ഷേ അവിടെയെത്തിയ സജീവന് കണ്ടത് ടെറസില്‍ കിടക്കുന്ന പ്രസാദിനെ . വീട്ടില്‍ പോയിട്ട് എന്തിന് മടങ്ങിയെത്തിയെന്ന് സജീവന് പ്രസാദിനോട് ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിയ്ക്കാന്‍ വന്നെന്ന് പ്രസാദ് മറുപടി പറഞ്ഞു.
താന്‍ കുടിക്കാന്‍ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീര്‍ത്തെന്നറിഞ്ഞതോടെ സജീവന് പ്രകോപിതനായി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. വാക്കുതര്‍ക്കം രൂക്ഷമായതോടെ ടെറസില്‍ നിന്നിറങ്ങി വീട്ടില്‍ കയറിയ സജീവന് എയര്‍ഗണുമായി ടെറസില്‍ മടങ്ങിയെത്തി.
എയര്‍ഗണിന്റെ പാത്തികൊണ്ട് പ്രസാദിന്റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തല്‍ക്ഷണം മരിച്ചു. അടിയുടെ ആഘാതത്തില്‍ എയര്‍ഗണ്‍ രണ്ടായി ഒടിഞ്ഞു പോയി. കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണ് സജീവന് പൊലീസിനോട് പറഞ്ഞത്.
പ്രസാദ് മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനായി സജീവന്റെ ശ്രമം . ഇതിനായി കളളക്കഥ ചമയ്ക്കാന്‍ സജീവന് തീരുമാനിച്ചു. പ്രസാദും,സജീവനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ രാജാക്കാടുളള സജീവന്റെ തോട്ടത്തില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷ വരാനും പറഞ്ഞിരുന്നു.
പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ സജീവന്റെ വീട്ടില്‍ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി . എന്നാല്‍ രഞ്ജിത്തിനോട് തലേ രാത്രിയില്‍ നടന്ന സംഭവങ്ങളൊന്നും സജീവന് പറഞ്ഞില്ല. മറിച്ച്, തയാറായി നില്ക്കാന് പ്രസാദിനോട് വിളിച്ചു പറയാന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് രഞ്ജിത് പ്രസാദിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണില്‍ കിട്ടാതായതോടെ പ്രസാദ് ടെറസില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവന് പറഞ്ഞു. തുടര്‍ന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്ക് കയറി . ടെറസില്‍ എത്തിയപ്പോള്‍ മാത്രമാണ് പ്രസാദ് മരിച്ചു കിടക്കുന്ന കാര്യം രഞ്ജിത് അറിഞ്ഞത് . രഞ്ജിതിനെ കബളിപ്പിച്ച് തനിക്കനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാനായിരുന്നു സജീവന്റെ ശ്രമം.
എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്ക്കാനാവാതെ സജീവന് സംഭവിച്ചതെല്ലാം തുറന്നു പറയേണ്ടി വന്നു.രഞ്ജിത്തിന്റെ കൃത്യമായ മൊഴിയും രാത്രിയില്‍ വീടിന്റെ ടെറസിനു മുകളില്‍ ബഹളം കേട്ടെന്ന സജീവന്റെ ഭാര്യയുടെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആലുവ എഎസ്പി എം.ജെ.സോജന്,പോത്താനിക്കാട് സിഐ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.
Leave a Reply