പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റിഡിയിലായവർ നൽകിയ മൊഴിപ്രകാരം കൊലപാതകത്തിന് മുൻപ് പ്രതികൾ ട്രയൽ നടത്തിയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. പിന്നാലെ സംഘം സുധീഷിനെ ആക്രമിക്കാൻ പോവുകയായിരുന്നു.
ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സുധീഷിനെ അക്രമി സംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് പാണൻവിള സജീവിന്റെ വീട്ടിൽ കയറി ഒളിച്ച സുധീഷിനെ വാതിൽതകർത്ത് അകത്തുകയറിയാണ് സംഘം വെട്ടിയത്. കൈകാലുകൾ വെട്ടിമാറ്റിയ ശേഷം കാൽ അരക്കിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എതിർ സംഘത്തിലെ ഗുണ്ടകൾ സുധീഷിന്റെ താവളം മനസിലാക്കി ആക്രമിക്കാൻ എത്തുകയായിരുന്നു. സുധീഷ് ഒളിവിലായിരുന്ന കേസിൽ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
	
		

      
      



              
              
              




            
Leave a Reply