ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറിൽ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില അവസാനമായി ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊർജ്ജ ബില്ലുകൾ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തിൽ ബ്രിട്ടീഷുകാർക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും.
കഴിഞ്ഞവർഷം പകുതി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ യൂറോയെ അപേക്ഷിച്ച പൗണ്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞതായി കാണാം. ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ സാമ്പത്തിക സാധ്യതകൾ അത്ര മികച്ചതായി കാണുന്നില്ല എന്ന് ഇൻവെസ്‌ടെക്കിലെ മുതിർന്ന നിക്ഷേപ ഡയറക്ടർ ലോറ ലാംബി പറഞ്ഞു. 2024 വരെ യുകെ സാമ്പത്തിക മാന്ദ്യത്തിൽ തുടരുമെന്ന് ഈയാഴ്ച ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാച്ച്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിൽ സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ടുമൂന്ന് മാസത്തേയ്ക്ക് ചെറുതാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply