തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടിംഗിനു ശേഷം ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോള്‍ നടപ്പാക്കുന്ന വ്യവസ്ഥകളിന്‍മേല്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ 2018ല്‍ പൗണ്ടിന്റെ മൂല്യം 7 ശതമാനം ഇടിഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ഡീല്‍ 202നെതിരെ 432 വോട്ടുകള്‍ക്കാണ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്.
ഇത് രാഷ്ട്രീയമായി ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഒരു നോ-ഡീല്‍ സാധ്യതയും ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചക്കുള്ള സാഹചര്യവും പാര്‍ലമെന്റിലെ പരാജയം മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഒരു രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉയരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഗവണ്‍മെന്റിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്ന് എസ്ഇബിയിലെ സീനിയര്‍ എഫ്എക്‌സ് സ്ട്രാറ്റജിസ്റ്റ് റിച്ചാര്‍ഡ് ഫാല്‍ക്കന്‍ഹാള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഈ ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ക്യാബിനറ്റില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു.
ഒരു നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകാനുള്ള സാധ്യതകള്‍ എന്തായാലും ഇല്ല എന്നാണ് ചില വ്യവസായ നിക്ഷേപകര്‍ കരുതുന്നത്. പാര്‍ലമെന്റിന് ബ്രെക്‌സിറ്റില്‍ കൂടുതല്‍ അധികാരം ലഭിച്ചതോടെ അത്തരമൊരു സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടാനോ, രണ്ടാം ഹിതപരിശോധനയ്‌ക്കോ, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകാനോ ഉള്ള സാധ്യതകള്‍ ഏറെയാണെന്നും ബിസിനസ് ലോകം കണക്കുകൂട്ടുന്നു.
Leave a Reply