സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .
ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ 0207062 6688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .
യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.
NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച് എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
Leave a Reply