ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബാർബറി : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ യുകെയിൽ ‘സൂപ്പർഹീറോ’ ആയി മാറിയ മലയാളി പ്രഭു നടരാജന് ആദരമൊരുക്കി ബ്രിട്ടീഷ് സർക്കാർ. പ്രഗൽഭരായ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന ‘യുകെ പോയിന്റ് ഓഫ് ലൈറ്റ് അവാർഡ്’ ആണ് പ്രഭു നടരാജനെ തേടിയെത്തിയത്. ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകൾക്ക് ഭക്ഷണവും ചോക്ലേറ്റും വിതരണം ചെയ്യാൻ പ്രഭു എത്തിയത് സാന്താക്ലോസ് അടക്കമുള്ള ഹീറോകളുടെ വേഷം ധരിച്ചാണ്. ആയിരക്കണക്കിന് ആളുകൾക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനായി പ്രഭു നടത്തിയ പരിശ്രമത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിനന്ദിച്ചു. ഒപ്പം പ്രഭുവിന്റെ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “സൂപ്പർ ഹീറോയുടെ വേഷത്തിലാണ് ഇതെല്ലാം ചെയ്തതെങ്കിലും യഥാർഥ സൂപ്പർ ഹീറോ താങ്കളാണ്.” പ്രഭുവിനയച്ച കത്തിൽ ജോൺസൻ ഇപ്രകാരം കുറിച്ചു.
ജോലിക്കായി 2020 മാർച്ചിലാണ് പാലക്കാട്ടുകാരനായ പ്രഭു നടരാജൻ (34) ഭാര്യ ശില്പ ബാലചന്ദ്രനും മകൻ അദ്വൈതിനുമൊപ്പം യുകെയിലെത്തിയത്. രാജ്യത്ത് എത്തിയ ഉടനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് പ്രഭുവിന്റെ ജോലിസാധ്യതകളെ കാര്യമായി ബാധിച്ചു. എന്നാൽ അതിൽ നിരാശനാകാതെ മറ്റുള്ളവരെ സഹായിക്കാൻ പ്രഭു മുന്നിട്ടിറങ്ങി. ബാൻബറി നഗരത്തിലെ നൂറോളം കുടുംബങ്ങൾക്ക് പ്രഭു ഭക്ഷണം എത്തിച്ചു നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറ്റുള്ളവരിൽ നിന്ന് ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് നൽകാനായി ഫുഡ് ബാങ്കും ആരംഭിച്ചു.
തനിക്ക് ലഭിച്ച പുരസ്‌കാരം കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി സമർപ്പിക്കുകയാണെന്ന് പ്രഭു അറിയിച്ചു. നാട്ടിൽ പിതാവിനും കുടുംബാംഗങ്ങൾക്കും ഒമ്പത് സുഹൃത്തുക്കൾക്കും കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടതായി പ്രഭു പറഞ്ഞു. “സന്തോഷത്തോടെ ജീവിക്കണമെങ്കിൽ ചുറ്റുമുള്ളവർക്ക് കൂടി നന്മ ചെയ്യാൻ ശ്രമിക്കണം.” പുഞ്ചിരിയോടെ പ്രഭു തന്റെ നിലപാട് വ്യക്തമാക്കി. ഭാര്യയുടെയും മകന്റെയും നഗരത്തിലെ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതൊക്കെയും ചെയ്തതെന്ന് പ്രഭു കൂട്ടിച്ചേർത്തു. ബൻബറി എംപി വിക്ടോറിയ പാരെന്റിസും പ്രഭു നടരാജനെ അഭിനന്ദിച്ചു.
Leave a Reply